അശ്വിന് പരോക്ഷ വിമർശനവും ഉപദേശവും; കുമാർ സംഗക്കാരയ്ക്കെതിരെ ആരാധകർ
ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ ഫൈനലിലെ തോൽവിക്കു പിന്നാലെ രാജസ്ഥാൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന് പരോക്ഷ വിമർശനവും ഉപദേശവും നൽകിയ മുഖ്യ പരിശീലകൻ കുമാർ സംഗക്കാരയ്ക്കെതിരെ ഒരു വിഭാഗം ആരാധകർ. ഒരുപാടു കാര്യങ്ങളിൽ അശ്വിൻ പുനരാലോചന നടത്തേണ്ടതുണ്ടെന്നും പല കാര്യങ്ങളിലും ഇനിയും മെച്ചപ്പെടാനുണ്ടെന്നുമാണു ഗുജറാത്തിനെതിരായ മത്സരത്തിനു ശേഷം സംഗക്കാര പ്രതികരിച്ചത്. 'അശ്വിൻ ഞങ്ങൾക്കായി വളരെ മികച്ച പ്രകടനം തന്നെയാണു കാഴ്ചവച്ചത്. ക്രിക്കറ്റിൽനിന്നു സ്വന്തമാക്കിയ നേട്ടങ്ങൾ എടുത്തു നോക്കിയാൽ അശ്വിൻ ഒരു ഇതിഹാസം തന്നെയാണ്. എന്നാൽ അശ്വിനെപ്പോലൊരു ഇതിഹാസ താരത്തിനു പോലും ഒരുപാടു കാര്യങ്ങളിൽ പുനരാലോചന നടത്തേണ്ടതായും ഒരുപാടു കാര്യങ്ങളിൽ സ്വയം മെച്ചപ്പെടേണ്ടതായുമുണ്ട്, പ്രത്യേകിച്ച് ഓഫ് സ്പിൻ ബോളുകൾ കൂടുതലായി എറിയുന്ന കാര്യത്തിൽ’– സംഗക്കാരയുടെ വാക്കുകൾ.
അതേ സമയം അശ്വിനെപ്പോലൊരു മുതിർന്ന താരത്തെക്കുറിച്ച് സംഗക്കാര ഇത്തരത്തിലൊരു പ്രതികരണം നടത്തിയതിൽ കടുത്ത പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. ഐപിഎൽ സീസണിൽ രാജസ്ഥാനെ ഫൈനൽ വരെയെത്തിച്ചതിൽ അശ്വിന്റെ സംഭാവന വിസ്മരിക്കരുതെന്നാണ് അവരുടെ പക്ഷം.
17 കളിയിൽ 12 വിക്കറ്റാണ് സീസണിൽ അശ്വിന്റെ നേട്ടം. ഏറ്റവും കുറഞ്ഞ ഇക്കോണമി നിരക്കിൽ (7.50) ബോൾ ചെയ്ത രാജസ്ഥാൻ താരവും അശ്വിൻതന്നെ. ഇതിനു പുറമേ ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ചപ്പോഴൊക്കെ ടീമിനായി ഏറ്റവും മികച്ച പ്രകടനംതന്നെ പുറത്തെടുക്കാൻ ശ്രമിക്കുകയും ചെയ്ത താരമാണ് അശ്വിൻ. കന്നി ഐപിഎൽ അർധ സെഞ്ചറി അടക്കം 27.28 ശരാശരിയിൽ 191 റൺസാണ് അശ്വിൻ അടിച്ചെടുത്തത്. 141.28 ആണ് സ്ട്രൈക്ക് റേറ്റ്.