വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി
ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരേ വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരേ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 278 വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. മികച്ച കൂട്ടുകെട്ടുകളാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്.
റേച്ചല്‍ ഹൈനസും അലിസ ഹീലിയും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ തന്നെ 19.2 ഓവറില്‍ 121 റണ്‍സ് ചേര്‍ത്തതോടെ കളി ഓസീസിന്റെ കൈയിലായിരുന്നു. റേച്ചല്‍ 53 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 43 റണ്‍സെടുത്തു. 65 പന്തുകള്‍ നേരിട്ട ഹീലി ഒമ്പത് ഫോറടക്കം 72 റണ്‍സ് സ്വന്തമാക്കി. രണ്ട് ഓവറിനിടെ റേച്ചലും ഹീലിയും പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ 103 റണ്‍സ് ചേര്‍ത്ത് മെഗ് ലാന്നിങ് - എല്ലിസ പെറി സഖ്യം ഓസീസിനെ വീണ്ടും ട്രാക്കിലാക്കി.
107 പന്തില്‍ നിന്ന് 13 ഫോറടക്കം 97 റണ്‍സെടുത്ത മെഗ് ലാന്നിങ്ങാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. 51 പന്തുകള്‍ നേരിട്ട പെറി 28 റണ്‍സ് നേടി. പെറി പുറത്തായ ശേഷം ലാന്നിങ്ങും ബെത്ത് മൂണിയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 20 പന്തില്‍ നിന്ന് നാല് ഫോറടക്കം 30 റണ്‍സെടുത്ത ബെത്ത് മൂണി പുറത്താകാതെ നിന്നു.