ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ട്വന്റി 20 ഞായറാഴ്ച
ബെംഗളൂരു: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്ക ഫേവറിറ്റുകളായിരുന്നു. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഗംഭീരവിജയം നേടിയ ഇന്ത്യന്‍ ടീം തിരിച്ചുവന്നു. ഇപ്പോള്‍ ഇന്ത്യയാണ് ഫേവറിറ്റുകള്‍. പരമ്പരയിലെ അഞ്ചാം മത്സരത്തിന് ഞായറാഴ്ച ഇറങ്ങുമ്പോള്‍ ഇരു ടീമുകള്‍ക്കും ഒരുപോലെ പ്രതീക്ഷയുണ്ട്.
രണ്ടുവീതം വിജയങ്ങളുമായി തുല്യനിലയില്‍ നില്‍ക്കേ ഞായറാഴ്ച ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. മത്സരം വൈകീട്ട് ഏഴുമുതല്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍. വെള്ളിയാഴ്ച രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വിജയം സമ്പൂര്‍ണമായിരുന്നു. ബാറ്റിങ്ങിന്റെ തുടക്കത്തില്‍ പതറി, ഗംഭീരമായി തിരിച്ചുവന്നു. ബൗളിങ്ങില്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ മികവുകാട്ടി. ആദ്യം ബാറ്റുചെയ്ത് 169 റണ്‍സടിച്ച ഇന്ത്യ 82 റണ്‍സിസാണ് ജയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ട്വന്റി 20 യിലെ ഏറ്റവും ഉയര്‍ന്ന വിജയം. ആദ്യ മത്സരങ്ങളില്‍ വലിയ റോളില്ലാതിരുന്ന ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ആവേശ് ഖാന്‍ എന്നിവര്‍ വിജയശില്‍പികളായത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
എന്നാല്‍, ക്യാപ്റ്റന്‍ ഋഷഭ് പന്ത് നാലു മത്സരത്തിലും മികച്ച സ്‌കോര്‍ കണ്ടെത്താത്തത് തലവേദനയാണ്. വണ്‍ഡൗണായി ശ്രേയസ് അയ്യര്‍ക്കും തിളക്കമാര്‍ന്ന പ്രകടനം ഉറപ്പാക്കാനായില്ല. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷന്‍ തന്നിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നു. ആദ്യ നാലു മത്സരത്തിലും ഇന്ത്യന്‍ ഇലവനില്‍ മാറ്റമുണ്ടായില്ല. ടീമിന് തുടര്‍ച്ച വേണമെന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കാഴ്ചപ്പാട് കാരണമാണിത്. . നാലാം മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെ കൈക്ക് പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമ തിരിച്ചെത്തിയില്ലെങ്കില്‍ പദ്ധതി പാളും. ടീമിന് പുതിയ ക്യാപ്റ്റനെയും ഓപ്പണറെയും കണ്ടെത്തണം.