ഹ്യു എഡ്മിഡ്സ് കുഴഞ്ഞു വീണു; ഐപിഎല്‍ താര ലേലം നിര്‍ത്തിവച്ചു
ഐപിഎല്‍ താര ലേലത്തിനിടെ, ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡീസ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ലേല നടപടികള്‍ തടസ്സപ്പെട്ടു. ശ്രീലങ്കന്‍ ഓണ്‍റൗണ്ടര്‍ വാനിന്ദു ഹസാരങ്കയ്ക്കായുള്ള ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ലേല നടപടികള്‍ 3.30 ഓടെ പുനരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
അതിനിടെ ലേലത്തില്‍ സുരേഷ് റെയ്‌ന, സ്റ്റീവ് സ്മിത്ത് എന്നിവരെ സ്വന്തമാക്കാന്‍ തയ്യാറാവാതെ ഫ്രാഞ്ചൈസികള്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയായ താരത്തിന് വേണ്ടി തന്റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉള്‍പ്പെടെ ഒരു ഫ്രാഞ്ചൈസിയും മുന്‍പോട്ട് വന്നില്ല. 2020ലെ ഐപിഎല്ലില്‍ നിന്ന് റെയ്‌ന പിന്മാറിയിരുന്നു. 12 കളിയില്‍ നിന്ന് 160 റണ്‍സ് മാത്രമാണ് റെയ്‌നയ്ക്ക് 2021ലെ സീസണില്‍ നേടാനായത്.
205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച റെയ്‌നയുടെ അക്കൗണ്ടിലുള്ളത് 5528 റണ്‍സും. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിലും വിശ്വാസം വെക്കാന്‍ ടീമുകള്‍ തയ്യാറായില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ താരമായിരുന്ന സ്മിത്തിന് ലഭിച്ച അവസരങ്ങളിലൊന്നും ബാറ്റിങ് മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല.