Latest Updates

2013-ലെ ഐ.പി.എല്ലിനിടെ മദ്യപിച്ചെത്തിയ മുംബൈ ഇന്ത്യന്‍സ് താരം, തന്നെ ബാല്‍ക്കണിയില്‍നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്ന യുസ്‌വേന്ദ്ര ചാഹലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന ചഹല്‍ 2013-ല്‍ മുംബൈ ഇന്ത്യന്‍സ് നിരയിലുണ്ടായിരുന്നപ്പോള്‍ ഒരു സഹകളിക്കാരന്‍ ഹോട്ടലിന്റെ 15-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍.

എന്നാല്‍, അക്രമം കാണിച്ച കളിക്കാരന്‍ ആരാണെന്ന് ചഹല്‍ വെളിപ്പെടുത്തിയില്ല. താരത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നിരവധി പേര്‍ ആ മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ പേര് പറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്യുകവരെ ചെയ്തു. ഈ വിഷയം അത്ര തമാശയായി കാണേണ്ടതല്ലെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ഉള്‍പ്പെട്ട കളിക്കാരന്റെ മാനസികാവസ്ഥ ആശങ്കയുളവാക്കുന്നതാണെന്നും അയാള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ചിരിച്ചുകളിയേണ്ട കാര്യമല്ല ഇത്.

സംഭവത്തില്‍ ഉള്‍പ്പെട്ട ആള്‍ ആരാണെന്ന് എനിക്കറിയില്ല. ആരായാലും അയാള്‍ നല്ല മാനസികാവസ്ഥയുള്ള ആളാണെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ അത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ആരുടെയെങ്കിലും ജീവന്‍ അപകടത്തിലാണ്. ചിലര്‍ക്ക് ഇത് തമാശയായി തോന്നാം, എന്നാല്‍ എനിക്കങ്ങനെയല്ല. ഇതുപോലൊരു സംഭവം ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. ഇതില്‍ ഒട്ടും തമാശയില്ല.

ഇന്ന് ഇങ്ങനെയൊരു സംഭവം ഉണ്ടായാല്‍ അതില്‍ ഉള്‍പ്പെട്ട ആള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ആ വ്യക്തിയെ എത്രയും വേഗം പുനരധിവാസ കേന്ദ്രത്തിലേക്ക് അയക്കുക. പിന്നീട് ഒരു ക്രിക്കറ്റ് മൈതാനത്തേക്ക് അയാളെ അടുപ്പിക്കുകപോലുമരുത്. അപ്പോഴത് രസകരമാണോ അല്ലയോ എന്ന് അയാള്‍ക്ക് മനസിലാകും.'' - ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ശാസ്ത്രി വ്യക്തമാക്കി.

Get Newsletter

Advertisement

PREVIOUS Choice