ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ ഒരുങ്ങുകയാണോ?
സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ ഒരുങ്ങുകയാണോ? മുൻ ഇന്ത്യൻ ക്യാപ്റ്റൻ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പാണ് നിരവധി അഭ്യൂഹങ്ങൾക്ക് വഴി വയ്ക്കുന്നത്. എന്നാൽ ഗാംഗുലി രാജി വച്ചതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വിശദീകരിച്ചു. 'ഗാംഗുലി പ്രസിഡന്റ് സ്ഥാനം രാജി വച്ചിട്ടില്ല'-ഷാ വാർത്താ ഏജൻസിയോട് പറഞ്ഞു. '2022ൽ ക്രിക്കറ്റിൽ പ്രവേശിച്ചിട്ട് 30 വർഷം പൂർത്തിയായി. ക്രിക്കറ്റ് എനിക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു.
നിങ്ങൾ എല്ലാവരുടെയും പിന്തുണ ലഭിച്ചു. ഇപ്പോൾ ഞാൻ എത്തിയ സ്ഥാനത്ത് എന്നെ എത്തിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി. ഒരുപാട് ജനങ്ങൾക്ക് ഉപകാരമാവാൻ പോവുന്ന ഒരു കാര്യം തുടങ്ങിവയ്ക്കാൻ പോവുകയാണ്. ജീവിതത്തിലെ പുതിയ അധ്യായത്തിൽ എല്ലാവരും കൂടെയുണ്ടാവണമെന്നാണ് ആഗ്രഹം'- ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. ട്വീറ്റ് വായിച്ച ആരാധകർ ഗാംഗുലി പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണോ എന്ന ചോദ്യമാണ് ഉയർത്തുന്നത്.
രാഷ്ട്രീയ പ്രവേശന സൂചന നൽകിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ പുതുതായി ചിലത് ചെയ്യാൻ ആസൂത്രണം ചെയ്യുന്നതായി ഒരുങ്ങുന്നുവെന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്. അടുത്തിടെ ബിജെപി നേതാവ് അമിത് ഷാ ഗാംഗുലിയുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയിരുന്നു. എന്നാൽ സന്ദർശനം രാഷ്ട്രീയപരമായിരുന്നില്ലെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. 2019 ലാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടത്. 2003 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിച്ച ഗാംഗുലി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകൈയ്യൻ ബാറ്റർമാരിൽ ഒരാളാണ്.