അംപയർക്കു നേരെ ആക്രോശിച്ച സ്റ്റോയ്നിസിനു താക്കീത്
ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരായ മത്സരത്തിലെ പുറത്താകലിനു പിന്നാലെ, അംപയറുടെ തീരുമാനത്തിൽ അനിഷ്ടം പ്രകടിപ്പിച്ച് ആക്രോശിച്ചതിനും മോശം വാക്കുകൾ ഉപയോഗിച്ചതിനും ലക്നൗ സൂപ്പർ ജയന്റ്സ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസിനെ അധികൃതർ താക്കീതു ചെയ്തു. സ്റ്റോയ്നിസ് കുറ്റസമ്മതം നടത്തിയതായി ലക്നൗ അധികൃതർ അറിയിച്ചു.
ഔട്ടായതിനു പിന്നാലെ, നിരാശാ സൂചകമായി, സ്റ്റോയ്നിസ് ആക്രോശിച്ച മോശം വാക്കുകൾ സ്റ്റംപ് മൈക്രോഫോണിലും പതിഞ്ഞിരുന്നു. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ സ്റ്റോയ്നിസ് പുറത്തായതോടെയാണു മത്സരത്തിൽ ലക്നൗവിന്റെ സാധ്യതകൾ അവസാനിച്ചത്. എന്നാൽ അതിനു തൊട്ടുമുൻപത്തെ പന്ത് അംപയർ ക്രിസ് ഗഫാനി വൈഡ് വിളിക്കാതിരുന്നതാണു സ്റ്റോയ്നിസിനെ പ്രകോപിതനാക്കിയത്. സ്റ്റോയ്നിസ് പുറത്തായതിനു പിന്നാലെ തൊട്ടുമുൻപത്തെ പന്ത് വൈഡ് വിളിക്കാതിരുന്ന അംപയറുടെ തീരുമാനത്തിനെതിരെ ക്രിക്കറ്റ് ആരാധകർ കൂട്ടത്തോടെ രംഗത്തെത്തി.
മത്സരഫലം മാറ്റിമറിച്ചത് അംപയറുടെ ഈ മോശം തീരുമാനമായിരുന്നു എന്നാണ് അവരുടെ പക്ഷം. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 19–ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. 15 പന്തിൽ 2 ഫോറും ഒരു സിക്സും അടക്കം 24 റൺസോടെ മാർക്കസ് സ്റ്റോയ്നിസും ജെയ്സൻ ഹോൾഡറും ക്രീസിൽ നിൽക്കെ, 12 പന്തിൽ 34 റൺസാണു ലക്നൗവിനു ജയത്തിനായി വേണ്ടിയിരുന്നത്. പവർ ഹിറ്ററായ സ്റ്റോയ്നിസ് ബാറ്റുചെയ്യുമ്പോൾ, ലക്നൗവിനു വിജയസാധ്യതകൾ ബാക്കിയുണ്ടായിരുന്നു. ഹെയ്സൽവുഡ് എറിഞ്ഞ ആദ്യ പന്ത് ഓഫ് സ്റ്റംപിനു വളരെ പുറത്തുകൂടിയാണു പോയത്. വൈഡ് എന്ന് ഉറപ്പുള്ളതിനാൽ, സ്റ്റോയ്നിസ് ഷോട്ട് എടുത്തില്ല. ടിവി റീപ്ലേയിൽ പന്ത് വൈഡ് ലൈനിനു പുറത്തുകൂടിയാണു പോയതെന്നാണു തോന്നിച്ചത്. എന്നാൽ സ്റ്റോയിസ് നിലയുറപ്പിച്ചിരുന്നത് ഓഫ് സ്റ്റംപിനു പുറത്തായിരുന്നു എന്ന കാരണത്താൽ ആകണം, പന്ത് വൈഡല്ലെന്നാണ് അംപയർ വിധിച്ചത്. പിന്നാലെ തീരുമാനത്തിലെ അനിഷ്ടം സൂചിപ്പിച്ച് സ്റ്റോയ്നിസ് അംപയറോടു സംസാരിക്കുകയും ചെയ്തിരുന്നു.
ഓഫ് സ്റ്റംപ് ലൈനിനു പുറത്തുവന്ന ഹെയ്ഡൽവുഡിന്റെ 2–ാം പന്തിൽ ലെഗ് സൈഡിലേക്കു ഷോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ, സ്റ്റോനിസ് പന്ത് അടിച്ചുകയറ്റിയത് സ്റ്റംപിലേക്കാണ്. പുറത്താകലിനു പിന്നാലെയായിരുന്നു സ്റ്റോയ്നിസിന്റെ വികാര പ്രകടനം. പിന്നാലെയാണ് അച്ചടക്ക ലംഘനത്തിനു സ്റ്റോയ്നിസ്സിനെ താക്കീതു ചെയ്തതത്. ആദ്യ പന്ത് അംപയർ വൈഡ് വിളിച്ചിരുന്നെങ്കിൽ ബോളർ സമ്മർദത്തിൽ ആകുമായിരുന്നെന്നും ഇത്തരത്തിൽ സ്റ്റോയ്നിസ് പുറത്താകുമായിരുന്നില്ലെന്നുമാണ് ആരാധകരുടെ വാദം. സ്റ്റോയ്നിസ് ഔട്ടായതോടെ മത്സരത്തിൽ ലക്നൗവിന്റെ എല്ലാ സാധ്യതയും അവസാനിച്ചിരുന്നു.