ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പര തൂത്ത് വാരി ഇംഗ്ലണ്ട്
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പര തൂത്ത് വാരി ഇംഗ്ലണ്ട്. അവസാന ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. രണ്ടാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്ന 296 റണ്‍സ് ഓലി പോപ്പിന്റേയും(82), ജോ റൂട്ടിന്റെയും(86) മികവില്‍ ഇംഗ്ലണ്ട് മറുകടക്കുകയായിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോ രണ്ടാം ഇന്നിങ്ങ്‌സിലും കവി ബൗളര്‍മാരെ തുടര്‍ച്ചയായി അതിര്‍ത്തി കടത്തി. 44 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും അടിച്ച ബെയര്‍സ്‌റ്റോ 71 റണ്‍സ് നേടി. റൂട്ടും ബെയര്‍സ്‌റ്റോയും പുറത്താകാതെ നിന്നു.
സ്‌കോര്‍- ന്യൂസിലാന്റ് : 339, 326. ഇംഗ്ലണ്ട് : 360, രണ്ടാം ഇന്നിങ്ങ്‌സില്‍ അലക്‌സ് ലീസ്(9), സാക്ക് ക്രൗലി(25) എന്നിവര്‍ 55 റണ്‍സെടുക്കുന്നതിനിടെ പുറത്തായെങ്കിലും ഓലി പോപ്പും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്കടുപ്പിക്കുകയായിരുന്നു. ന്യൂസിലാന്റിനായി ഒന്നാം ഇന്നിങ്ങ്‌സില്‍ ഡാരിയല്‍ മിച്ചല്‍(109) സെഞ്ചുറിയും ടോം ബ്ലണ്ടല്‍(55) അര്‍ദ്ധ സെഞ്ചുറിയും നേടിയിരുന്നു. ഇരുവരും രണ്ടാം ഇന്നിങ്ങ്‌സില്‍ അര്‍ദ്ധ സെഞ്ചുറിയും നേടി. ഒന്നാം ഇന്നിങ്ങ്‌സില്‍ ബാറ്റിങ്ങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിന് ജോണി ബെയര്‍സ്‌റ്റോയും(162), ജാമി ഓവര്‍ട്ടനും(97) ചേര്‍ന്നാണ് നേരിയ ലീഡ് നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് രണ്ട് ഇന്നിങ്ങ്‌സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി.