ആരാധകർക്ക് ഓർത്തിരിക്കാൻ പാകത്തിന് ഒരു ഫിനിഷിങ്
'ധോണി ഫിനിഷസ് ഇറ്റ് ഓഫ് ഇൻ സ്റ്റൈൽ' ഒരിക്കൽ കൂടി ആരാധകർ ഉറക്കെ പറഞ്ഞിട്ടുണ്ടാവണം. ആവേശം നിറഞ്ഞ് നിന്ന ചെന്നൈ- മുംബൈ പോരിൽ അവസാന പന്തിൽ ജയിക്കാൻ ചെന്നൈക്ക് ജയിക്കാൻ വേണ്ട നാല് റൺസ് തരിമ്പ് സമ്മർദമില്ലാതെയാണ് എം.എസ് ധോണി അതിർത്തി കടത്തിയത്. എല്ലാക്കാലത്തേക്കും ആരാധകർക്ക് ഓർത്തിരിക്കാൻ പാകത്തിന് ഒരു ഫിനിഷിങ്.
ഗ്യാലറി ഇളകി മറിഞ്ഞു. ഓടിയെത്തിയ രവീന്ദ്ര ജഡേജ അൽപം കുനിഞ്ഞ് വണങ്ങി, പിന്നെ 'തല'യെ നെഞ്ചോട് ചേർത്തു. കളി ഫിനിഷ് ചെയ്യാൻ തന്നെക്കാളും മികച്ച ഒരാൾ ഇനിയും ഇറങ്ങിയിട്ടില്ലെന്നത് പോലൊരു പ്രഖ്യാപനമായിരുന്നു മുംബൈക്കെതിരായ ആ ഓവർ.
അവസാന നാല് പന്തുകളിൽ ആദ്യം സിക്സർ, പിന്നെ ഫോർ, അവസാന പന്തും ഫോർ. ആഘോഷിക്കാൻ ചെന്നൈ ആരാധകർക്ക് ഇതിൽപരം എന്താണ് വേണ്ടത്? അവസാന ഓവറിലെ നാല് പന്തിൽ ധോണി നേടിയത് ഒരു സിക്സും രണ്ട് ഫോറും ഉൾപ്പടെ 16 റൺസ്. 40 ാം വയസിലെ ഈ ടൂർണമെന്റ് ധോണിയുടെ അവസാന ഐപിഎൽ ആയിരിക്കാമെന്ന് പലരും പറയുമ്പോൾ കൂടിയാണ് ആത്മവിശ്വാസവും പ്രതിഭയും ചേർന്ന ബാറ്റിങ് വിരുന്നിന് മുംബൈ വീണ്ടും സാക്ഷിയായത്.