ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം
ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അഞ്ച് വിക്കറ്റ് വിജയം. ചെന്നൈയെ 97 റൺസിന് എറിഞ്ഞൊതുക്കിയ മുംബൈ, 14.5 ഓവറിലാണ് വിജയത്തിലെത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 103 റൺസെടുത്തു.
തോൽവിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തി മുകേഷ് ചൗധരി മുംബൈയെ വിറപ്പിച്ചെങ്കിലും ചെറിയ ലക്ഷ്യം അവർ മറികടക്കുകയായിരുന്നു. തിലക് വർമ (32 പന്തിൽ 34*), ടിം ഡേവിഡ് (7 പന്തിൽ 18*) എന്നിവർ പുറത്താതെ നിന്നു.
ഇന്നിങ്സിന്റെ ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ മുംബൈയുടെ നാല് ബാറ്റർമാർ പുറത്തായിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷൻ (6), ക്യാപ്റ്റൻ രോഹിത് ശർമ (18), ഡാനിയൽ സാംസ് (1), ട്രിസ്റ്റൻ സ്റ്റബ്സ് (പൂജ്യം) എന്നിവരാണ് പുറത്തായത്. എന്നാൽ അഞ്ചാം വിക്കറ്റിൽ തിലക് വർമയും ഹൃത്വിക് ഷോകീനും (18) ചേർന്ന് 48 റൺസെടുത്ത് മുംബൈയെ സുരക്ഷിതമാക്കി. 13–ാം ഓവറിൽ ഹൃത്വിക്കിനെ മൊയീൻ അലി പുറത്താക്കി.