വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ ബോറിയ മജുംദാറിന് രണ്ടു വര്‍ഷം വിലക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രശസ്ത ക്രിക്കറ്റ് ജേണലിസ്റ്റ് ബോറിയ മജുംദാറിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. അഭിമുഖം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് സാഹ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണത്തിന് ബി.സി.സി.ഐ. മൂന്നംഗ സമിതിയെ നിയമിച്ചു. സമിതിയുടെ നിര്‍ദേശപ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയത്.
വിലക്ക് വന്നതോടെ ഇന്ത്യയില്‍ നടക്കുന്ന പ്രാദേശിക, രാജ്യാന്തര മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിക്കുന്ന അക്രഡിറ്റേഷന്‍ മജുംദാറിന് ലഭിക്കില്ല. ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളെ അഭിമുഖം നടത്താനും വിലക്കുണ്ട്. ബിസിസിഐ അംഗങ്ങളെ കാണാനും അനുവാദമുണ്ടാകില്ല. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് സെലക്ഷന്‍ കമ്മിറ്റി മാറ്റി നിര്‍ത്തിയതിന് പിന്നാലെ അഭിമുഖത്തിനായി സമീപിച്ച മാധ്യമപ്രവര്‍ത്തകന്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചെന്ന് സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം സാഹ വെളിപ്പെടുത്തിയിരുന്നു.
തനിക്ക് അഭിമുഖം തരണമെന്നായിരുന്നു ഈ മാധ്യമപ്രവര്‍ത്തകന്റെ ആവശ്യം. എന്നാല്‍ സാഹ ഇതിന് പ്രതികരിക്കാതിരുന്നതോടെ മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാഹ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സാഹയ്ക്ക് പിന്തുണയുമായി വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്ങ്, പ്രഗ്യാന്‍ ഓജ, രവി ശാസ്ത്രി എന്നിവരെല്ലാം രംഗത്തെത്തുകയും ചെയ്തിരുന്നു.