ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ലോകറെക്കോഡ്; അവിശ്വസനീയ നേട്ടവുമായി ഇന്ത്യന്‍താരം
ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ലോകറെക്കോഡ് നേട്ടവുമായി ഇന്ത്യയുടെ യുവതാരം. ബിഹാറില്‍ നിന്നുള്ള സാഖീബുള്‍ ഗനിയാണ് ട്രിപ്പിള്‍ സെഞ്ചുറിയും ലോക റെക്കോഡും നേടി രാജ്യത്തിന്റെ അഭിമാനമായത്.
ഒരു ക്രിക്കറ്റ് താരത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ഗനി നിഷ്പ്രയാസം യാഥാര്‍ത്ഥ്യമാക്കിയത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബിഹാര്‍-മിസോറം മത്സരത്തിന്റെ രണ്ടാം ദിനമാണ് താരത്തിന്റെ അതുല്യ നേട്ടം. ആദ്യം ബാറ്റ് ചെയ്ത ബിഹാറിനായി അഞ്ചാമതാണ് ഗിനിയിറങ്ങിയത്. പിന്നീട് നടന്നത് അവിശ്വസനീയമായ പ്രകടനമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അരങ്ങേറ്റ മത്സരത്തില്‍ ട്രിപ്പിളടിക്കുന്ന ആദ്യ താരമാണ് ഗനി.
മത്സരത്തില്‍ 405 പന്ത് നേരിട്ട് 56 ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 341 റണ്‍സാണ് ഗനി നേടിയത്. രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും ഇതോടെ താരത്തിനു സ്വന്തമായി. 2018-19 സീസണില്‍ മധ്യപ്രദേശിനായി അരങ്ങേറ്റമത്സരത്തില്‍ പുറത്താകാതെ 267 റണ്‍സ് നേടിയ അജയ് റൊഹാരയുടെ റെക്കോഡാണ് ഗനി തകര്‍ത്തത്.
പിന്നീട് നാലാം വിക്കറ്റില്‍ ബാബുല്‍ കുമാറിനൊപ്പം 399 റണ്‍സിന്റെ കൂട്ടുകെട്ടും സാഖീബുള്‍ ഗനി പടുത്തുയര്‍ത്തി. ഇതും റെക്കോഡാണ്. രഞ്ജി ട്രോഫിയില്‍ നാലാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.ബാബുല്‍ കുമാര്‍ ഇരട്ടസെഞ്ചുറിയും നേടി. 398 പന്തുകളില്‍ നിന്ന് 27 ബൗണ്ടറികളും ഒരു സിക്സറും സഹിതം 229 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇരുവരുടെയും മികവില്‍ ഒന്നാമിന്നിങ്സില്‍ ബിഹാര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 686 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച മിസോറം രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നിന് 40 എന്ന നിലയിലാണ്.