ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്താണ് ഗുജറാത്ത് രണ്ടാം വിജയം ആഘോഷിച്ചത്. 14 റണ്‍സിനാണ് ടീമിന്റെ വിജയം. ഗുജറാത്ത് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയ്ക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും നാലുവിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനുമാണ് ഡല്‍ഹിയെ ശിഥിലമാക്കിയത്. 172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്.
34 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറി. ഓപ്പണര്‍ ടിം സീഫേര്‍ട്ടിനെയാണ് ആദ്യം നഷ്ടമായത്. വെറും 3 റണ്‍സ് മാത്രമെടുത്ത താരത്തെ ഹാര്‍ദിക് പാണ്ഡ്യ അഭിനവ് മനോഹറിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ പൃഥ്വിഷായും മന്‍ദീപ് സിങ്ങും പുറത്തായി. 10 റണ്‍സെടുത്ത പൃഥ്വിയെയും 18 റണ്‍സ് നേടിയ മന്‍ദീപിനെയും പുറത്താക്കി ലോക്കി ഫെര്‍ഗൂസന്‍ ഡല്‍ഹിയ്ക്ക് തകര്‍ച്ചയേകി. പിന്നീട് ക്രീസിലൊന്നിച്ച ലളിത് യാദവും നായകന്‍ ഋഷഭ് പന്തും ടീമിന് പ്രതീക്ഷയേകി. ഇരുവരും നന്നായി ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ഡല്‍ഹിയ്ക്ക് ജീവന്‍ വെച്ചു. നാലാം വിക്കറ്റില്‍ ഇരുവരും 61 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ലളിത് യാദവ് റണ്‍ ഔട്ടായതോടെ ഡല്‍ഹി വീണ്ടും പ്രതിരോധത്തിലായി.
25 റണ്‍സെടുത്ത ലളിതിനെ അഭിനവാണ് റണ്‍ ഔട്ടാക്കിയത്. പിന്നാലെ ടീമിന്റെ ഏക പ്രതീക്ഷയായിരുന്ന ഋഷഭ് പന്തും പുറത്തായി. 29 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്ത പന്തിനെ ലോക്കി ഫെര്‍ഗൂസന്‍ അഭിനവിന്റെ കൈയ്യിലെത്തിച്ചു. വമ്പന്‍ അടിയ്ക്ക് പേരുകേട്ട അക്ഷര്‍ പട്ടേലും വാലറ്റത്തെ അവസാന പ്രതീക്ഷയായ ശാര്‍ദൂല്‍ ഠാക്കൂറും അതിവേഗത്തില്‍ പുറത്തായതോടെ ഡല്‍ഹി പ്രതിരോധത്തിലായി. അക്ഷറിനെ (8 റണ്‍സ്) ഫെര്‍ഗൂസന്‍ മടക്കിയപ്പോള്‍ ശാര്‍ദൂലിനെ (രണ്ട് റണ്‍സ്) റാഷിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അപ്പോഴും റോവ്മാന്‍ പവല്‍ ക്രീസിലുള്ളതായിരുന്നു ഡല്‍ഹിയുടെ ഏക പ്രതീക്ഷ പക്ഷേ 18-ാം ഓവറില്‍ പവലിനെ പറഞ്ഞയച്ച് ഷമി ഡല്‍ഹിയുടെപ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 12 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത പവല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഖലീല്‍ അഹമ്മദിനെ മടക്കി ഷമി ഡല്‍ഹിയുടെ ഒന്‍പതാം വിക്കറ്റെടുത്തു.
14 റണ്‍സെടുത്ത് കകുല്‍ദീപ് യാദവും 3 റണ്‍സുമായി മുസ്താഫിസുറും പുറത്താവാതെ നിന്നു. ഗുജറാത്തിനായി ലോക്കി ഫെര്‍ഗൂസന്‍ നാലോവറില്‍ വെറും 28 റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റെടുത്തു. ഷമി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റാഷിദ് ഖാനും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീഴ്ത്തി. ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.