Latest Updates

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്. പതിവ് കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്ത് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വാട്സ്ആപ്പില്‍ നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കുന്നത് ഇതോടെ കുറയ്ക്കാനാകുമെന്ന് മെറ്റ കരുതുന്നു. നിങ്ങള്‍ക്ക് വേണ്ട യൂസര്‍നെയിം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും വാട്സ്ആപ്പ് ഒരുക്കിയേക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ സെറ്റിങ്‌സില്‍ നിന്ന് നേരിട്ട് യുസര്‍ നെയിം സൃഷ്ടിക്കാനും റിസര്‍വ് ചെയ്യാനും സാധിക്കുന്നതാണ് ഫീച്ചര്‍. ഇന്‍സ്റ്റഗ്രാമിലും ഫെസ്ബുക്കിലുമുള്ള സമാനമായ ഫീച്ചര്‍ ലഭ്യമാണ്. വാട്സ്ആപ്പില്‍ കൂടുതല്‍ സ്വകാര്യതയും സുരക്ഷയും ഒരുക്കുന്നതിനായാണ് യൂസര്‍നെയിം ഫീച്ചര്‍ മെറ്റ കൊണ്ടുവരുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡിനുള്ള വാട്സ്ആപ്പ് 2.25.22.9 ബീറ്റാ വേര്‍ഷനില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഫോണ്‍ നമ്പറില്‍ അധിഷ്ഠിതമായ വാട്സ്ആപ്പ് അക്കൗണ്ടുകളുടെ സ്ഥാനത്ത് ഓരോ വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഒരു യൂസര്‍നെയിം ഉപയോഗത്തിനായി തെരഞ്ഞെടുക്കാം. ഈ യൂസര്‍നെയിം കൈവശമുള്ളവര്‍ക്ക് അതുപയോഗിച്ച് നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കാം. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി യൂസര്‍നെയിം കീ എന്ന ഓപ്ഷനും വാട്സ്ആപ്പ് കൊണ്ടുവന്നേക്കും. നിങ്ങളുടെ വാട്സ്ആപ്പ് യൂസര്‍നെയിം മറ്റൊരാളുടെ കയ്യിലുണ്ടെങ്കിലും അവര്‍ക്ക് മെസേജുകള്‍ നിങ്ങള്‍ക്ക് അയക്കണമെങ്കില്‍ മാച്ചിംഗ് ആയ കീ വേണ്ടിവരുന്ന രീതിയാണ് ഈ സംവിധാനത്തിലുണ്ടാവുക. ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിങ്ങിലാണ്. ചില ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കളില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചുവരികയാണ്. യുസര്‍ നെയിം ഫീച്ചര്‍ കൂടുതല്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്നും പിന്നീട് എല്ലാവര്‍ക്കുമായും ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Get Newsletter

Advertisement

PREVIOUS Choice