കോഹ്ലിയും രോഹിതും 'തുടരും'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിയും ക്യാപ്റ്റൻ രോഹിത് ശർമയും ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. 2027ലെ ഏകദിന ലോകകപ്പിൽ കളിച്ച ശേഷം വിരമിക്കുകയെന്ന പദ്ധതിയാണ് ഇരുവർക്കുമുള്ളതെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ 25നു സിഡ്നിയിൽ നടക്കുന്ന മൂന്നാം ഏകദിനത്തോടെ അവർ വിമിക്കുമെന്നും ലോകകപ്പിൽ അവസരം ലഭിക്കില്ലെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ഇതാണ് ബിസിസിഐ നിഷേധിച്ചത്. ഇരുവരുടേയും വിരമിക്കലൊന്നും ഇപ്പോൾ ബിസിസിഐ ആലോചനയിലുള്ള വിഷയങ്ങളല്ല. ഈ വർഷത്തെ ഏഷ്യാ കപ്പിനും അടത്ത വർഷത്തെ ടി20 ലോകകപ്പിനും മികച്ച ടീമിനെ ഒരുക്കുകയാണ് ബിസിസിഐ ലക്ഷ്യമിടുന്നതെന്നു അടുത്തവൃത്തങ്ങൾ പിടിഐയോടു പ്രതികരിച്ചു. ഇരു താരങ്ങളും ടി20യിൽ നിന്നു ലോകകപ്പ് നേട്ടത്തോടെ വിരമിച്ചിരുന്നു. പിന്നാലെ ടെസ്റ്റ് പോരാട്ടങ്ങളിൽ നിന്നുള്ള വിരമിക്കലും പ്രഖ്യാപിച്ചു. ഐപിഎൽ പോരാട്ടങ്ങൾക്കു ശേഷം ഇരുവരും മത്സരങ്ങൾക്കായി മൈതാനത്തേക്ക് വന്നിട്ടില്ല. പ്രായക്കൂടുതലും മത്സരങ്ങൾ കുറയുന്നതും ഇരുവരുടേയും ഫോമിനെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നതിനിടെയാണ് വിരമിക്കൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. നിലവിൽ ഇരുവരുടേയും ഏകദിന ടീമിലെ സ്ഥാനത്തിനു ഇളക്കമുണ്ടാകില്ല. ചാംപ്യൻസ് ട്രോഫി കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതിൽ ഇരു താരങ്ങളുടേയും ബാറ്റിങ് മികവ് ഇന്ത്യക്ക് നിർണായകമായിരുന്നു. ഒക്ബോറിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയാണ് ഇരു താരങ്ങളുടേയും തിരിച്ചു വരവിനു വേദിയാകുന്നത്. ഒക്ടോബർ 19 മുതൽ 25 വരെയാണ് മൂന്ന് മത്സരങ്ങടങ്ങിയ പരമ്പര. പിന്നാലെ നവംബറിൽ നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരേയും ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. നിലവിൽ ബ്രിട്ടനിലുള്ള കോഹ്ലി അവിടെ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. രോഹിത് സമീപ ദിവസങ്ങളിൽ തന്നെ പരിശീലനം പുനരാരംഭിക്കുമെന്നുള്ള വാർത്തകളുമുണ്ട്.