സൂറത്തിലെ തുണിവിതരണത്തിന് തപാല്‍വകുപ്പും.. റെയില്‍വേ സാധനങ്ങള്‍ എത്തിച്ചുനല്‍കും
സൂറത്തിലെ ടെക്‌സ്‌റ്റൈല്‍ ഹബ്ബില്‍ നിന്ന് രാജ്യത്തുടനീളം സാധനങ്ങള്‍ എത്തിക്കാനൊരുങ്ങി തപാല്‍ വകുപ്പ്. ഇതിനായി റെയില്‍വേ വഴി നോണ്‍-സ്റ്റോപ്പ് ഗുഡ്സ് ട്രെയിന്‍ ഓടും. ഇന്ത്യന്‍ തപാല്‍ വകുപ്പും റെയില്‍വേയും ചേര്‍ന്നാണ് ഇത്തരത്തിലൊരു സംരഭത്തിന് ഒരുങ്ങുന്നത്.
രണ്ട് വിഭാഗത്തിനും ഗുണകരമായേക്കാവുന്ന സംരഭമായാണ് ഇതിനെ പൊതുവേ കാണുന്നത്. സൂറത്തില്‍ നിന്ന് രാജ്യത്തുടനീളമുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി തപാല്‍ വകുപ്പ് ഫെബ്രുവരി മുതല്‍ പാഴ്‌സല്‍ സേവനങ്ങള്‍ തുടങ്ങിയേക്കും. തുണി വ്യവസായ വ്യാപാരികള്‍ തപാല്‍ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സൂറത്ത് ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രി രാജ്യത്തുടനീളം 300 ട്രക്കുകള്‍ വഴി പ്രതിദിനം 200 കോടി രൂപയുടെ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. തപാല്‍ വകുപ്പിന് ബിസിനസും വരുമാനവും ഉറപ്പാക്കാന്‍ പുതിയ ബന്ധം വഴി കഴിഞ്ഞേക്കും.
സൂറത്തിലെ ടെക്സ്റ്റൈല്‍ ബിസിനസുകാര്‍ വെസ്റ്റേണ്‍ റെയില്‍വേ മുംബൈ ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജറും തമ്മില്‍ ദീപാവലിക്ക് മുമ്പ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്. പാഴ്സലുകള്‍ എത്തിക്കുന്നതിനായി സൂറത്തില്‍ നിന്ന് നോണ്‍സ്റ്റോപ്പ് ഗുഡ്സ് ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. കരാറിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, തുണി വ്യവസായത്തില്‍ നിന്നുള്ള പാഴ്‌സലുകള്‍ എത്തിക്കുന്നതിനായി സൂറത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും ഡല്‍ഹിയിലേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു.
ടെക്സ്റ്റൈല്‍ പാഴ്സലുകള്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നിരവധി സ്ഥലങ്ങളില്‍ സേവനം ലഭ്യമാക്കാന്‍ വകുപ്പ് ആലോചിക്കുന്നുണ്ടെന്നും സൂറത്തിലെ നന്‍പുര പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ മിററിനോട് പറഞ്ഞു. ഡല്‍ഹി, പട്ന, കൊല്‍ക്കത്ത എന്നിവയാണ് തപാല്‍ വഴി ടെക്സ്റ്റൈല്‍ പാഴ്സലുകള്‍ എത്തിക്കുന്ന നഗരങ്ങളില്‍ ചിലത്. വിഷയത്തില്‍ സൂറത്തിലെ വസ്ത്രവ്യാപാരികളോട് തപാല്‍ വകുപ്പ് നിര്‍ദേശം തേടിയിട്ടുണ്ട്.
മുംബൈ-ഡല്‍ഹി ലൈന്‍ വഴി രാജ്യത്തുടനീളം 300 ട്രക്കുകള്‍ വഴി 200 കോടി രൂപയുടെ തുണിത്തരങ്ങളാണ് സൂറത്ത് ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിലൂടെ നടക്കുന്നത്. ഉത്സവ സീസണില്‍ ഈ ഡെലിവറി 350 കോടി രൂപവരെ ഉയരും.