ഇനി ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യാന്‍ കൂപ്പണോ കാര്‍ഡോ ആവശ്യമില്ല
യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പുതിയ സംരംഭം സ്വീകരിക്കുന്നു. QR ടിക്കറ്റുകള്‍, അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകള്‍, നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) എന്നിവ വഴി യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. സമ്പൂര്‍ണ്ണ ഓട്ടോമാറ്റിക് നിരക്ക് ശേഖരണം നവീകരിക്കുന്നതിനും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (NCMC) നടപ്പിലാക്കുന്നതിനുമായി DMRC അതിന്റെ നെറ്റ്വര്‍ക്കിലെ ഒരു കണ്‍സോര്‍ഷ്യവുമായി കരാര്‍ ഒപ്പിട്ടു.
എന്‍സിഎംസി, ക്യുആര്‍ ടിക്കറ്റുകള്‍ നടപ്പാക്കുന്നതോടെ രാജ്യത്തുടനീളമുള്ള മെട്രോ റെയിലിലൂടെയും മറ്റ് ഗതാഗത സംവിധാനങ്ങളിലൂടെയും യാത്ര തടസ്സരഹിതമാകുമെന്ന് ഡിഎംആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ്) അനൂജ് ദയാല്‍ പറഞ്ഞു. മൊബൈല്‍ ക്യുആര്‍, എന്‍എഫ്‌സി അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് മെട്രോ സ്റ്റേഷനില്‍ പ്രവേശിക്കാനോ പുറത്തുകടക്കാനോ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയും. നിലവില്‍, ന്യൂഡല്‍ഹിക്കും ദ്വാരക സെക്ടര്‍ 21 നും ഇടയിലുള്ള എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനിലെ സ്റ്റേഷനുകളില്‍ NCMC, QR കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് സൗകര്യങ്ങള്‍ ലഭ്യമാണ്.
രാജ്യത്ത് പണരഹിതഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.ക്യുആര്‍ ടിക്കറ്റുകള്‍, അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകള്‍, എന്‍എഫ്സി എന്നിവ രാജ്യത്ത് പണരഹിത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഡിഎംആര്‍സി മാനേജിംഗ് ഡയറക്ടര്‍ ഡോ.മംഗു സിംഗ് പറഞ്ഞു. യാത്രക്കാര്‍ക്ക് ഇനിമുതല്‍ വിവിധ യാത്രകള്‍ക്ക് ടിക്കറ്റോ കാര്‍ഡോ വാങ്ങേണ്ടതില്ല.