മീറ്റ് ദി ഇന്‍വെസ്റ്റര്‍' പരിപാടിക്ക് തുടക്കം 760 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി സംരംഭകര്‍
വ്യവസായ സംരംഭകരുമായി വ്യവസായമന്ത്രി പി രാജീവ് നടത്തുന്ന 'മീറ്റ് ദി ഇന്‍വെസ്റ്റര്‍' ആശയവിനിമയ പരിപാടിക്ക് തുടക്കമായി. മൂന്ന് വ്യവസായ സംരംഭകരുമായി നടത്തിയ ആദ്യ ചര്‍ച്ചയില്‍ തന്നെ 760 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്കു ധാരണയായി. സിന്തൈറ്റ്, ധാത്രി, നിറ്റ ജെലാറ്റിന്‍ വ്യവസായ ഗ്രൂപ്പുകളാണ് നിക്ഷേപം വാഗ്ദാനം ചെയ്തത്.
മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയില്‍ 100 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ള വ്യവസായ ഗ്രൂപ്പുകളുമായാണ് വ്യവസായ മന്ത്രി ആശയ വിനിമായം നടത്തുക. ഓരോ മാസവും ഇതിനായി വേദിയൊരുക്കും. നിലവിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ നിക്ഷേപം ആകര്‍ഷിക്കാനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.
എറണാകുളം ജില്ലയിലെ പാങ്ങോട് 215 കോടി രൂപയുടെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റര്‍ പദ്ധതി അടുത്ത വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് സിന്തൈറ്റ് ഗ്രൂപ്പ് അറിയിച്ചു. നിറ്റ ജലാറ്റിന്‍ ഗ്രൂപ്പ് 200 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. 45 കോടി രൂപ ഇമ്മ്യൂ ഫുഡ് പദ്ധതിക്കായി ആദ്യ ഘട്ടത്തിലും ആയുര്‍വേദ പ്രതിരോധ മരുന്നു നിര്‍മ്മാണത്തിനായി 300 കോടി രൂപ രണ്ടാം ഘട്ടത്തിലും നിക്ഷേപിക്കുമെന്നു ധാത്രി ആയുര്‍വേദ ഗ്രൂപ്പും വ്യക്തമാക്കി.