ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ മെഗാ പ്രഥമ ഓഹരി വിൽപന
ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) മെഗാ പ്രഥമ ഓഹരി വിൽപന (ഐപിഒ) ഇന്നു മുതൽ. രാവിലെ 10 മുതൽ 5 വരെ ഓഹരി വാങ്ങാനുള്ള അപേക്ഷ (ബിഡ്) നൽകാം. ഐപിഒയിൽ ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെയാണ് വില. പൊതുജനങ്ങളിൽനിന്നു പണം സമാഹരിച്ചുള്ള ഐപിഒയ്ക്കു പിന്നാലെയാണ് കമ്പനികൾ ഓഹരിവിപണിയുടെ ഭാഗമാകുന്നത് (ലിസ്റ്റിങ്). നല്ല കമ്പനിയാണെങ്കിൽ ഓഹരിവിപണയിൽ ലിസ്റ്റ് ചെയ്തശേഷമുള്ള വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഐപിഒ വഴി ഓഹരി സ്വന്തമാക്കാമെന്നതാണ് നിക്ഷേപകർക്കുള്ള മെച്ചം.
സാധാരണ നിക്ഷേപകർക്ക് (റീട്ടെയ്‍ൽ) ഓഹരിക്ക് 40 രൂപയുടെ ഇളവും പോളിസി ഉടമയെങ്കിൽ 60 രൂപയുടെ ഇളവും ലഭിക്കും. 9ന് ഉച്ചയ്ക്ക് 3 വരെ അപേക്ഷ നൽകാം. തിങ്കളാഴ്ച വൻകിട നിക്ഷേപകരിൽ (ആങ്കർ) നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 5627 കോടി രൂപയാണ് ഇതിലൂടെ ലഭിക്കുന്നത്. രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ മാത്രം 4,002 കോടി രൂപ നിക്ഷേപിക്കും.