*സിൽവർ ലൈനിന് ഹരിത ഊർജ്ജം പകരാൻ കെ.എസ്.ഇ.ബി.*
സംസ്ഥാനത്തിന്റെ സുപ്രധാനമായ പശ്ചാത്തല മേഖലാ വികസന പദ്ധതിയായ കെ-റെയിൽ പദ്ധതിക്ക് കെ.എസ്.ഇ.ബി.എൽ ആവശ്യമായ വൈദ്യുതി ക്രമീകരിച്ച് നൽകും. കെ-റെയിൽ മാനേജിംഗ് ഡയറക്ടർ ശ്രീ. വി. അജിത്ത് കുമാറും ഉന്നതതല സംഘവും ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി.എൽ സി.എം.ഡി, പ്രസരണ വിഭാഗം ഡയറക്ടർ, ചീഫ് എഞ്ചിനീയർ എന്നിവരുമായി ചർച്ചകൾ നടത്തി.
പരമ്പരാഗത റെയിൽവേ സംവിധാനത്തിനെ അപേക്ഷിച്ച് സിൽവർ ലൈൻ പൂർണ്ണമായും ഹരിത വൈദ്യുതിയിൽ ആയിരിക്കും ചലിപ്പിക്കുക. കെ-റെയിൽ സ്റ്റേഷനുകളിലും ട്രാക്കിൽ സൌകര്യമുള്ളയിടത്തും സൌരോർജ്ജ പാനലുകളും കാറ്റാടി യന്ത്രങ്ങളും ഉണ്ടാകും. റെയിൽ ലൈനിൽ 40 കിലോമീറ്റർ വ്യത്യാസത്തിൽ ഫീഡറുകൾ ക്രമീകരിച്ച് സഞ്ചരിക്കുന്ന ട്രെയിനിന് വൈദ്യുതി നൽകും. 220 കെ.വി. / 110 കെ.വി. കേബിൾ സർക്യൂട്ട് മുഖേനയാണ് കെ-റെയിലിന്റെ ട്രാക്ഷൻ സബ്സ്റ്റേഷന് കെ.എസ്.ഇ.ബി. യുടെ ഗ്രിഡ് സബ്സ്റ്റേഷൻ മുഖേന വൈദ്യുതി നൽകുക.
2025 ൽ പദ്ധതി പ്രവർത്തിച്ച് തുടങ്ങുമ്പോൾ 300 മില്ല്യൺ യൂണിറ്റ് ഊർജ്ജം കെ-റെയിലിന് മാത്രമായി വേണ്ടിവരും. ഇത് 25 വർഷം കൊണ്ട് 500 മില്ല്യൺ യൂണിറ്റായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ താഴെ പറയുന്ന സ്ഥലങ്ങളിലാണ് കെ-റെയിലിന് വേണ്ടി മാത്രമുള്ള പ്രത്യേക സബ്സ്റ്റേഷനുകൾ ക്രമീകരിക്കുന്നത്.
1. പള്ളിപ്പുറം (തിരുവനന്തപുരം)
2. കുണ്ടറ (കൊല്ലം)
3. കോട്ടയം (കോട്ടയം)
4. അങ്കമാലി (എറണാകുളം)
5. കുന്നംകുളം (തൃശ്ശൂർ)
6. ഏലത്തൂർ (കോഴിക്കോട്) 7.
ചൊവ്വ (കണ്ണൂർ)
8. കാഞ്ഞങ്ങാട് (കാസർഗോഡ്)
ഏറ്റവും ചിലവ് കുറഞ്ഞ ഹരിത വൈദ്യുതി കഴിയുന്നതും കെ-റെയിലിന് ലഭ്യമാക്കാൻ കെ.എസ്.ഇ.ബി.എൽ ആലോചിക്കുന്നു. ഇതിനായി ആവശ്യമെങ്കിൽ പ്രത്യേക സ്പെഷ്യൽ പർപസ് വെഹിക്കിൾ രൂപീകരിക്കാനും ചിന്തിക്കുന്നു. കെ.എസ്.ഇ.ബി. യുടെ നിലവിലുള്ള ഹരിത വൈദ്യുതി ഉത്പാദന പദ്ധതിയുടെ വിശദാംശം സാദ്ധ്യതാ പഠനത്തിൽ പങ്കെടുക്കുന്നതിനായ രീതിയിൽ കെ-റെയിലിന് ലഭ്യമാകും.