റഷ്യ-ഉക്രെയ്ന് യുദ്ധം: റഫ്രിജറേറ്ററുകള്‍, എസികള്‍, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് വില കൂടിയേക്കും
ഈ വേനല്‍ക്കാലത്ത് നിങ്ങള്‍ ഒരു എയര്‍കണ്ടീഷണറോ റഫ്രിജറേറ്ററോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അല്‍പ്പം കൂടുതല്‍ പണം മുടക്കേണ്ടി വന്നേക്കാം. ഉക്രെയ്നിലെ പ്രതിസന്ധി രൂക്ഷമായതോടെ, സ്മാര്‍ട്ട് ടെലിവിഷനുകള്‍ (ടിവി), എസി അല്ലെങ്കില്‍ റഫ്രിജറേറ്ററുകള്‍ പോലുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കള്‍ മറ്റൊരു റൗണ്ട് വിലക്കയറ്റത്തെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കുന്നത്.
റഷ്യന്‍ സായുധ സേന അയല്‍രാജ്യമായ ഉക്രെയ്നിലേക്ക് അതിക്രമിച്ച് കയറുമ്പോള്‍
പണപ്പെരുപ്പത്തിന് പുറമെ, ചെമ്പ്, അലുമിനിയം, സ്റ്റീല്‍, പ്ലാസ്റ്റിക് തുടങ്ങിയ പ്രധാന അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിലേക്കും കൂടിയാണ് അതെത്തിക്കുന്നത്.
റഷ്യയും ഉക്രെയ്നും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം കണക്കിലെടുത്ത്, ചരക്ക് വിപണിയില്‍ ഉടന്‍ തന്നെ കൂടുതല്‍ വിലക്കയറ്റം കാണാന്‍ കഴിയുമെന്ന് ഗോദ്റെജ് അപ്ലയന്‍സസിന്റെ ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറയുന്നു. പിരിമുറുക്കങ്ങള്‍ ഇതിനകം തന്നെ അസംസ്കൃത എണ്ണ, അലുമിനിയം, ചെമ്പ് എന്നിവയുടെ മറ്റ് ചരക്കുകളുടെ വിലയെ ഒന്നിലധികം വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇരുമ്പയിര്, സ്റ്റീല്‍ എന്നിവയുടെ വിലയും ഉയര്‍ന്നേക്കും.
വ്യവസായ കണക്കുകള്‍ പ്രകാരം ലോഹങ്ങള്‍, പ്ലാസ്റ്റിക്, കടല്‍ ചരക്ക് എന്നിവയുടെ വില 25-500 ശതമാനം വര്‍ധിച്ചതിനാല്‍, മിക്ക പ്രമുഖ ബ്രാന്‍ഡുകളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വീട്ടുപകരണങ്ങളുടെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും വില 15-30 ശതമാനം വര്‍ധിപ്പിച്ചു.
പ്രതിസന്ധി തുടരുകയാണെങ്കില്‍, ആഗോള എണ്ണവില വര്‍ദ്ധിക്കുകയും ഉയര്‍ന്ന ചരക്ക് ചെലവുകള്‍ക്ക് കാരണമാവുകയും അത് വ്യവസായത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് വ്യവസായ പ്രമുഖര്‍ ആശങ്കപ്പെടുന്നത്. ഉക്രെയ്ന് ചെമ്പ് പോലുള്ള ധാതുക്കളുടെ പ്രധാന സ്രോതസ്സായതിനാല്‍ യുദ്ധം ഈ ധാതുക്കളുടെ ദൗര്‍ലഭ്യത്തിനും കാരണമാകുമെന്ന് ഉഷാ ഇന്റര്‍നാഷണല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദിനേഷ് ഛബ്ര പറഞ്ഞു. അസംസ്കൃത എണ്ണവിലയിലെ കുതിച്ചുചാട്ടവും യൂറോപ്പിലെ മാന്ദ്യത്തിന്റെ സാധ്യതയും ഇറക്കുമതിച്ചെലവില്‍ വര്‍ദ്ധനവിന് കാരണമാകും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആഘാതം നന്നായി വിലയിരുത്തപ്പെടുമെന്നതിനാല്‍ വ്യവസായലോകം സ്ഥിതിഗതികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.