നാല്‍പ്പത് കോടിയുടെ ക്രിപ്റ്റോകറന്‍സി തട്ടിപ്പ്; 7 പേര്‍ പിടിയില്‍
നാഗ്പൂരില്‍ 40 കോടി രൂപയുടെ ക്രിപ്റ്റോകറന്‍സി നിക്ഷേപ തട്ടിപ്പില്‍ 7 പേര്‍ കൂടി പിടിയില്‍. ഇതോടെ രണ്ടായിരത്തിലധികം നിക്ഷേപകരെ കബളിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. പ്രധാനപ്രതിയും അയാളുടെ ഭാര്യയും രണ്ട് സഹായികളും കഴിഞ്ഞ ദിവസം പൂനെയില്‍ നിന്ന് പിടിയിലായതിന് പിന്നാലെയാണ് മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുന്നത്.
ആഡംബരജീവിതശൈലി കാണിച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചാണ് മുഖ്യപ്രതി നൗഷാദ് വാസ്‌നിക് 'ഈഥര്‍' ക്രിപ്റ്റോകറന്‍സി ഇടപാട് നടത്തുന്നതായി അവകാശപ്പെടുന്ന സ്ഥാപനത്തില്‍ നിക്ഷേപം നടത്താന്‍ ആളുകളെ പ്രേരിപ്പിച്ചിരുന്നത്.
2017 നും 2021 നും ഇടയില്‍ തന്റെ അക്കൗണ്ടുകളിലേക്ക് വരുന്ന തുകയില്‍ വന്‍ വര്‍ദ്ധനവ് വരുന്നുണ്ടെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്താന്‍ ഇയാള്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇതപകൂടാതെ ഇയാള്‍ മധ്യപ്രദേശിലെ പഞ്ച്മറിയില്‍ ക്രിപ്റ്റോകറന്‍സി നിക്ഷേപത്തെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വാസ്നിക് ഒളിവില്‍ പോയതോടെയാണ് നിക്ഷേപകര്‍ ചതിക്കപ്പെട്ട വിവരം അറിയുന്നത്. ഇവരുടെ പരാതിയെത്തുടര്‍ന്ന്അന്വേഷണം നടത്തിയ പൊലീസ് ശനിയാഴ്ച പൂനെ ജില്ലയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ച അറസ്റ്റിലായ ഏഴ് പേര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയും ഐപിസി, മഹാരാഷ്ട്ര പ്രൊട്ടക്ഷന്‍ ഓഫ് ഇന്റസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്സ് ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.