Latest Updates

കൊച്ചി തുറമുഖം ചരക്കു കൈകാര്യത്തിൽ പ്രധാന എതിരാളികളായ തൂത്തുക്കുടിയെ മറികടന്നു; 20 വർഷത്തിനു ശേഷം. 2021 – 22 സാമ്പത്തിക വർഷത്തിൽ കൊച്ചി തുറമുഖം കൈകാര്യം ചെയ്തതു 34.55 ദശലക്ഷം മെട്രിക് ടൺ ചരക്ക്. 34.12 ദശലക്ഷം മെട്രിക് ടൺ ചരക്കാണു തൂത്തുക്കുടി വി.ഒ. ചിദംബരനാർ തുറമുഖം കൈകാര്യം ചെയ്തത്. കോവിഡ് പ്രതിസന്ധികളിൽ നിന്നു വാണിജ്യ മേഖല തിരിച്ചുവരുമ്പോഴാണു കൊച്ചിയുടെ നേട്ടം.

 മുൻകാലങ്ങളിൽ കൊല്ലം, കോയമ്പത്തൂർ മേഖലകളിൽ നിന്നു കൊച്ചിയിലേക്കു വന്നിരുന്ന ചരക്കിൽ നല്ലൊരു പങ്കു തൂത്തുക്കുടിക്കു വഴി മാറിയിരുന്നു. ഈ ചരക്കു തിരിച്ചു പിടിക്കാനുളള ശ്രമങ്ങളിലാണു കൊച്ചി. സമരങ്ങളോ പണിമുടക്കുകളോ തുറമുഖ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാറില്ലെന്നതും സംസ്ഥാന സർക്കാർ ഇടപെട്ടു വാളയാർ ചെക്ക് പോസ്റ്റ് വഴിയുള്ള ചരക്കു നീക്കം സുഗമമാക്കിയതും ഗുണകരമായി.. വില്ലിങ്ഡൺ ഐലൻഡിൽ പ്രവർത്തിക്കുന്നതു 4 സിമന്റ് കമ്പനികളുടെ ബാഗിങ് യൂണിറ്റുകൾ. മുൻവർഷത്തെ അപേക്ഷിച്ചു കുറവുണ്ടായെങ്കിലും ഈ വർഷവും 10 ലക്ഷം ടണ്ണിലേറെ സിമന്റ് കൈകാര്യം ചെയ്യാൻ കഴിഞ്ഞു.   

തുറമുഖത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 34.55 ദശലക്ഷം മെട്രിക് ടൺ ചരക്കു കൈകാര്യം ചെയ്യുന്നത്. 2020 –21 സാമ്പത്തിക വർഷം 31.50 ദശലക്ഷം മെട്രിക് ടൺ ചരക്കു കൈകാര്യം ചെയ്ത സ്ഥാനത്താണ് ഈ നേട്ടം; വർധന 9.67 %. വല്ലാർപാടം ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ വഴി കഴിഞ്ഞ സാമ്പത്തിക വർഷം കടന്നുപോയത് 7.36 ലക്ഷം ടിഇയു കണ്ടെയ്നറുകൾ. മുൻ വർഷത്തെക്കാൾ 6.65 % വർധന. കൊച്ചിയിൽ നിന്നു കയറ്റി അയയ്ക്കുന്ന ചരക്കിൽ (പിഒഎൽ പോർട്ട് ഓഫ് ലോഡിങ്) 14.29 % വർധനയുണ്ടായി; 5,942,266 ടൺ. ക്രൂഡ് കൈകാര്യവും വർധിച്ചു; 15,124,498 ടൺ‍. 12.51 % വർധന.

Get Newsletter

Advertisement

PREVIOUS Choice