Latest Updates

രാജ്യത്ത് ക്രിപ്റ്റോകറന്‍സികള്‍ നിയമപരമല്ലെന്നും ഭാവിയില്‍ ഈ വിഭാഗത്തില്‍ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും കേന്ദ്രമന്ത്രി ഭഗവത് കരാഡ്. ക്രിപ്റ്റോകറന്‍സികള്‍ക്ക് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ഒരുതരത്തിലുള്ള അംഗീകാരവും നല്‍കിയിട്ടില്ലെന്നും അതിനാല്‍ അവ രാജ്യത്ത് ഇപ്പോള്‍ നിയമപരമല്ലെന്നും ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കേന്ദ്രമന്ത്രി വ്യക്തമാക്കുകയായിരുന്നു. 


ഭാവിയില്‍ ഇതിന് നിയമസാധുത ലഭിക്കുമോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ല എന്നും ചിലര്‍ ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപം നടത്തിയതായി വിവരമുണ്ടെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട്  യൂണിയന്‍ ബജറ്റില്‍ ഇത്തരം ഇടപാടുകള്‍ക്ക് 30 ശതമാനം നികുതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കരാഡ് കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയരുമോയെന്ന ചോദ്യത്തിന്, കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചതായി അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇത് പിന്തുടരുകയും അവരുടെ ഭാഗത്ത് നിന്ന് നികുതി വെട്ടിക്കുറയ്ക്കുകയും ചെയ്തപ്പോള്‍ പല സംസ്ഥാനങ്ങളും അത് ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാ വികാസ് അഘാഡി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ പെട്രോള്‍ വില ബിജെപി ഭരിക്കുന്ന സംസ്ഥാനമായ എംപിയില്‍ ചില്ലറ വില്‍പ്പന നിരക്കിനേക്കാള്‍ കൂടുതലാണെന്നും കരാദ് പറഞ്ഞു.

 

Get Newsletter

Advertisement

PREVIOUS Choice