സുരക്ഷാ അനുമതിയായി; വീണ്ടും പറക്കാനൊരുങ്ങി ജെറ്റ് എയര്‍വെയ്‌സ്
ജെറ്റ് എയര്‍വേസ് വീണ്ടും സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് സേവനം അവസാനിപ്പിച്ച എയര്‍വെയ്‌സ് വരുന്ന മാസങ്ങളില്‍ സേവനം വീണ്ടും ആരംഭിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. എയര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ ഭാഗമായി മേയ് അഞ്ചിന് ഹൈദരാബാദില്‍ നിന്ന് ജെറ്റ് എയര്‍വേസ് പ്രത്യേകം സര്‍വീസ് നടത്തിയിരുന്നു. ഇതെ തുടര്‍ന്ന് കമ്പനിക്ക് ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 2019 ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വേസ് സര്‍വീസ് അവസാനിപ്പിച്ചത്.
നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ജെറ്റ് എയര്‍വേസ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. ജലാന്‍-കല്‍റോക്ക് എന്ന കണ്‍സോഷ്യമാണ് നിലവില്‍ ജെറ്റ് എയര്‍വേസിന്റെ പ്രൊമോട്ടര്‍. ഹൈദരാബാദ് എയെര്‍പോര്‍ട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച എയര്‍ലൈന്‍ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ പ്രവര്‍ത്തനം തുടങ്ങിയത് ഡിജിസിഎയെ ബോധ്യപ്പെടുത്താനും കൂടിയായിരുന്നു ഇത്.
സര്‍വീസ് തുടങ്ങാനുള്ള സുരക്ഷാ അനുമതികള്‍ കേന്ദ്രം വിമാനകമ്പനിക്ക് നല്‍കി കഴിഞ്ഞു. ഇനി ഒരു തവണ കൂടി ഡിജിസിഎ അധികൃതരുടെ സാനിധ്യത്തില്‍ കമ്പനിയിലെ ബോര്‍ഡ് അംഗങ്ങളും ക്യാബിന്‍ ക്രൂവും ഉള്‍പ്പെടെയുള്ള സംഘത്തെ വഹിച്ച് വിമാനം വീണ്ടും സര്‍വീസ് നടത്തേണ്ടതുണ്ട്.
ഇതിന് ശേഷമാകും ഡിജിസിഎയുടെ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിക്കുക.കേന്ദ്ര ആഭ്യന്തരമന്ത്രാലയം കമ്പനിക്ക് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. പുതിയ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് ആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്നത്. പുതിയ കമ്പനിയുടെ ആവശ്യപ്രകാരമാണ് ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.