വലിയ കെട്ടിടങ്ങള്‍ക്ക് ഡിജിറ്റല്‍ കണക്ടിവിറ്റി റേറ്റിങ് സംവിധാനം
വലിയ കെട്ടിടങ്ങള്‍ക്ക് ഗ്രീന്‍ റേറ്റിങ്ങിനു സമാനമായി ഡിജിറ്റല്‍ കണക്ടിവിറ്റി റേറ്റിങ് സംവിധാനവും ഏര്‍പ്പെടുത്തുന്നു. കെട്ടിടത്തിനുള്ളിലെ ഇന്റര്‍നെറ്റ്/ഫോണ്‍ കണക്ടിവിറ്റിയുടെ മികവ് അനുസരിച്ചായിരിക്കും റേറ്റിങ്. അപ്പാര്‍ട്‌മെന്റുകള്‍ക്കു പുറമേ ഓഫിസ് കെട്ടിടങ്ങള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, മാളുകള്‍ ഉള്‍പ്പെടെയുള്ളവയിലെയും കണക്ടിവിറ്റി തോത് കണക്കാക്കി ആയിരിക്കും 5 സ്റ്റാര്‍ റേറ്റിങ്. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഇതു സംബന്ധിച്ചുള്ള നയരേഖയില്‍ പൊതുജനാഭിപ്രായം ശേഖരിക്കാന്‍ തുടങ്ങി.
കൂടുതല്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ കണക്ടിവിറ്റി സൗകര്യങ്ങള്‍ ഒരുക്കുന്ന കെട്ടിടങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആവശ്യം ഏറുമെന്നാണ് ട്രായിയുടെ വിലയിരുത്തല്‍. റേറ്റിങ് പരിശോധിക്കാനും സര്‍ട്ടിഫിക്കറ്റ് നല്‍കാനും പ്രത്യേക ഏജന്‍സി സംവിധാനം നിലവില്‍ വരും. വയേഡ് സ്‌കോര്‍, സ്പയര്‍ എന്നിങ്ങനെ വിദേശരാജ്യങ്ങളില്‍ സമാനമായ റേറ്റിങ് മാനദണ്ഡങ്ങളുണ്ട്.
വിമാനത്താവളം പോലെയുള്ള പൊതു കെട്ടിടങ്ങളില്‍ റേറ്റിങ് നിര്‍ബന്ധമാക്കും. സ്വകാര്യ കെട്ടിടങ്ങള്‍ക്ക് നിര്‍ബന്ധമാക്കണമോ എന്നതു സംബന്ധിച്ച് അഭിപ്രായം തേടുകയാണ്. ഉയരമുള്ള കെട്ടിടങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉള്‍പ്പെടെയുള്ള ടെലികോം സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള സൗകര്യമുണ്ടാകണമെന്നാണ് ട്രായിയുടെ നിലപാട്.