2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും തൊഴിൽ, കിൻഫ്ര പാർക്കിൽ കെട്ടിടസമുച്ചയം ടാറ്റ എലക്സിക്ക്
കേരളത്തിലെ ഐടി ഗവേഷണ-വികസന പദ്ധതികൾക്ക് പുതുവേഗം പകർന്നുകൊണ്ട് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ 9 നിലകളിലായി 2.17 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടസമുച്ചയം ടാറ്റ എലക്സിക്ക് കൈമാറും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വ്യവസായ വകുപ്പിന് കീഴിൽ ഒപ്പുവച്ച ആദ്യ ധാരണാപത്രമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. 2021 ജൂൺ 30ന് ധാരണാപത്രം ഒപ്പുവച്ച് കേവലം 10 മാസം കൊണ്ട് ലോകത്തിലെ തന്നെ പ്രമുഖ ഡിസൈൻ, ടെക്നോളജി, സേവനദാതാക്കളായ ടാറ്റ എലക്സി ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം നൽകാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ടാറ്റ എലക്സിയുടെ പുതിയ സംരംഭം ആരംഭിക്കുക. ഇവിടെ ആരംഭിക്കുന്ന 75 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിലൂടെ 2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 6000 തൊഴിലവസരങ്ങൾ ടാറ്റ എലക്സി വിപുലീകരണത്തിലൂടെ സൃഷ്ടിക്കുപ്പെടും. ഐടി, ഐ.ടി അധിഷ്ഠിത സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതിനായി എല്ലാ ഇൻഫ്രാ സ്ട്രക്ചർ സൗകര്യങ്ങളും നൽകുന്ന കെട്ടിടം ‘ഗ്രീൻ ബിൽഡിങ്ങ്’ എന്ന നൂതന ആശയം അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ‘ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം’ എന്ന നയത്തിന് ഇത് കൂടുതൽ ശക്തി പകരും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്വൽ റിയാലിറ്റി, മൊബിലിറ്റി എന്നീ മേഖലകളിൽ ഉപഭോക്താക്കൾക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിനൊപ്പം ജാഗ്വാർ, ലാൻഡ് റോവർ, മെഴ്സിഡസ് ബെൻസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ വാഹന നിർമ്മാണമേഖലയിലെ പ്രമുഖരുമായി സഹകരിക്കുന്ന ടാറ്റ എലക്സിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ വിപുലീകരിക്കുന്നത് മറ്റ് മേഖലകളിലും വലിയ നിക്ഷേപങ്ങൾ കടന്നുവരുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു