Latest Updates

ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത്. പുരുഷവിഭാഗം സിംഗിള്‍സില്‍ ചൈനയുടെ ലു ഗുവാങ് സുവിനെ കീഴടക്കിയാണ് ശ്രീകാന്ത് അവസാന എട്ടിലെത്തിയത്. 

ടൂര്‍ണമെന്റിലെ രണ്ടാം റൗണ്ടില്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് വിജയം നേടിയത്. മത്സരം 67 മിനിറ്റ് നീണ്ടു. സ്‌കോര്‍: 21-16, 21-23, 21-18. ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ശ്രീകാന്ത് ആദ്യ ഗെയിം അനായാസം നേടിയെങ്കിലും രണ്ടാം ഗെയിമില്‍ ചൈനീസ് താരം തിരിച്ചടിച്ചു. ഇതോടെ മൂന്നാം ഗെയിം നിര്‍ണായകമായി.

എന്നാല്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ ശ്രീകാന്ത് വിജയം നേടി. ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ബ്രൈസ് ലെവെര്‍ഡെസിനെ കീഴടക്കിയാണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തിയത്. അതേസമയം വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന പി.വി.സിന്ധു അട്ടിമറിയിലൂടെ പുറത്തായി.

സിന്ധുവിനെ ചൈനയുടെ ഷാങ് യിമാനാണ് അട്ടിമറിച്ചത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ സിന്ധു പരാജയം സമ്മതിച്ചു. സ്‌കോര്‍: 21-14, 15-21, 21-14. രണ്ടാം ഗെയിമില്‍ തിരിച്ചുവരവ് നടത്തിയ സിന്ധുവിന് ആ മികവ് മൂന്നാം ഗെയിമില്‍ തുടരാനായില്ല.  

Get Newsletter

Advertisement

PREVIOUS Choice