Latest Updates

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ ഡബിള്‍സിലും പുരുഷ സിംഗിള്‍സിലും മെഡലുറപ്പിച്ച് ഇന്ത്യ. വനിതാ ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളി-ഹൈദരാബാദ് താരം ഗായത്രി ഗോപീചന്ദ് സഖ്യം സെമി ഫൈനലിലെത്തി. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും അവസാന നാലില്‍ ഇടംപിടിച്ചു.

ബെര്‍മിങ്ഹാമില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ രണ്ടാം സീഡായ കൊറിയന്‍ സഖ്യം ലീ സോഹീ-ഷിന്‍ സ്യൂന്‍ചാന്‍ ജോഡിയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ഇരുവരും രണ്ടാം ഗെയിമില്‍ ആവേശപോരാട്ടം പുറത്തെടുത്തു.

രണ്ടാം ഗെയിമില്‍ രണ്ടു മാച്ച് പോയിന്റുകളാണ് ഇന്ത്യന്‍ സഖ്യം അതിജീവിച്ചത്. സ്‌കോര്‍: 14-21, 22-20, 21-15. ഇതോടെ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ജോഡി എന്ന റെക്കോഡ് 19-കാരി ഗായത്രിയും 18-കാരി ട്രീസയും സ്വന്തമാക്കി. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം ഗോപീചന്ദിന്റെ മകളാണ് ഗായത്രി.

നേരത്തെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ലക്ഷ്യാ സെന്നും സെമിയിലെത്തിയിരുന്നു. പരിക്കിനെ തുടര്‍ന്ന് എതിരാളി ലു ഗുവാങ് ക്വാര്‍ട്ടറില്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ലക്ഷ്യ സെമിയിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ലക്ഷ്യാ സെന്‍ ലോക മൂന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്സ് ആന്റന്‍സനെ അട്ടിമറിച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice