പബ്ജിക്ക് പകരം പുതിയ ആപ്പ് പ്രീ-രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ച് ക്രാഫ്റ്റന്‍
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗെയിമിന്റെ പ്രീ-രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം ഡെവലപ്പര്‍ ക്രാഫ്റ്റണ്‍.
പബ്ജിക്ക് പകരമായാണ് ക്രാഫ്റ്റണ്‍ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ ഇറക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ മറ്റ് ചൈനീസ് അപ്ലിക്കേഷനുകള്‍ക്കൊപ്പം പബ്ജി ഗെയിം ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരാശരായവര്‍ക്ക് മുന്നിലേക്കാണ് ചില മാറ്റങ്ങള്‍ വരുത്തി ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എത്തിക്കുന്നത്.
ഗെയിമിനായുള്ള പ്രീ-രജിസ്‌ട്രേഷനുകള്‍ മെയ് 18 ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തത്സമയം ചെയ്യാം. അതേസമയം ഗെയിം എപ്പോള്‍ റിലീസ് ചെയ്യുമെന്നതിനെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഗെയിം എപ്പോള്‍ iOS- ല്‍ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടില്ല.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് പോയി ''പ്രീ-രജിസ്റ്റര്‍'' ബട്ടണ്‍ ക്ലിക്കുചെയ്യാം. മുമ്പ് പബ്ജി മൊബൈലില്‍ അനുവദിക്കപ്പെട്ടതുപോലെ ആപ്പ് ഉപയോക്താക്കള്‍ക്ക് സൗജന്യമായാണ് കളിക്കാന്‍ അവസരം.
കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ കളിയോട് ഉണ്ടാകാന്‍ സാധ്യയതയുള്ള ആസക്തി പഠിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ക്രാഫ്റ്റണ്‍ സ്വീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഗെയിമിനായുള്ള അതിന്റെ സ്വകാര്യതാ നയത്തില്‍, 18 വയസ്സിന് താഴെയുള്ള കളിക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.