'സ്വകാര്യതയ്ക്കും ബന്ധങ്ങള്‍ക്കും പ്രാധാന്യം ' ഉറപ്പു നല്‍കി 'ഹാലോ ആപ്പ്'
സ്വകാര്യതയ്ക്ക് ഉറപ്പ് നല്‍കി പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് വാഗ്ദാനവുമായി മുന്‍ വാട്ട്സ്ആപ്പ് ബിസിനസ് ആഗോള തലവന്‍ നീരജ് അറോറ. ഏറ്റവും വേണ്ടപ്പെട്ട കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായി ഉപയോക്താക്കളെ ബന്ധപ്പെടുത്തുന്ന 'ഹാലോഅപ്പാ'ണ് അറോറ ലഭ്യമാക്കുന്നത്. പരസ്യങ്ങളുടെ കടന്നുകയറ്റം, മറ്റ് സ്വാധീനശ്രമങ്ങള്‍ ഇവയൊന്നുമില്ലാതെ സ്വകാര്യത വാഗ്ദാനം തുടങ്ങിയവ മുന്നോട്ട് വയ്ക്കുന്നതാണ് പുതിയ ആപ്പ്. അറോറയുടെ 'ഹാലോഅപ്പ് ' നിലവില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും Google Play സ്റ്റോറിലും ലഭ്യമാണ്. ഇത്തരത്തിലൊരു അപ്ലിക്കേഷന്‍ സമാരംഭിക്കുന്നതിനു പിന്നിലെ യുക്തിയും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നിന്ന് ഇത് എങ്ങനെ വ്യത്യസ്തമാകുമെന്നും അറോറ ട്വിറ്ററിലൂടെ വിശദീകരിക്കുന്നു. സോഷ്യല്‍ മീഡിയ ഇന്ന് ഒരു ഡിജിറ്റല്‍ മാളാണെന്നും മിന്നുന്ന അനന്തമായ സ്‌ക്രോളിംഗ് ഫീഡുകളും പരസ്യങ്ങളുമൊക്കെ നിറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങള്‍ ആളുകളെ ഒന്നിച്ചുനിര്‍ത്തുന്നതിന് പകരം വേര്‍തിരിക്കുകയാണെന്നും അറോറ പറയുന്നു. ഡിജിറ്റലായി യഥാര്‍ത്ഥ ആളുകളുമായി യഥാര്‍ത്ഥ സംഭാഷണം എവിടെയാണ് നടത്തേണ്ടത്. സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലോ അതോ നേരിട്ടുള്ള സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലോ എവിടെയാണിത് സാധ്യമാകുന്നതെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ഇത്തരത്തിലൊരു സാഹചര്യത്തിലാണ് ഹാലോ ആപ്പിന്റെ പ്രസക്തിയെന്നും അറോറ ചൂണ്ടിക്കാണിക്കുന്നു. യഥാര്‍ത്ഥ ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതാണെന്നും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ഫീച്ചറുകളാണ് തന്റെ ആപ്പിന്റെ പ്രത്യേകതയെന്നും നീരജ അറോറ അവകാശപ്പെടുന്നു.