കമല്‍ഹാസനും ആയുഷ്മാന്‍ ഖുറാനയ്ക്കും ഓസ്കർ വോട്ടിങ്ങിൽ പങ്കെടുക്കാൻ ക്ഷണം
ഈ വർഷത്തെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് & സയന്‍സസിന്റെ ഭാഗമാകാൻ ഇന്ത്യയിൽ നിന്നും നടന്മാരായ കമൽ ഹാസനും ആയുഷമാൻ ഖുറാനയ്ക്കും ക്ഷണം. ക്ഷണം സ്വീകരിച്ചാൽ, അവർക്ക് ഓസ്കർ നോമിനേഷൻ ലഭിച്ച ചിത്രങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കും. ജൂൺ 26 നാണ്, അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ക്ഷണക്കത്തിന്റെ പട്ടിക പ്രഖ്യാപിച്ചത്, അതിൽ ഗില്ലിയൻ ആൻഡേഴ്സൺ, അരിയാന ഗ്രാൻഡെ, സെബാസ്റ്റ്യൻ സ്റ്റാൻ, ജെറമി സ്ട്രോങ്, ജേസൺ മൊമോവ തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം പുതുതായി ക്ഷണം ലഭിച്ച 534 ആളുകളും അംഗത്വം സ്വീകരിച്ചാല്‍ അക്കാദമിയിലെ ആകെ അംഗങ്ങളുടെ എണ്ണം 11,120 ആയി മാറും. ഇവര്‍ വോട്ട് ചെയ്താണ് ഓസ്കര് വിജയികളെ കണ്ടെത്തുന്നത്. 2025ല്‍ ക്ഷണിക്കപ്പെട്ടവരില്‍ 41% സ്ത്രീകളും, 45% പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളില്‍ നിന്നുള്ളവരും, 55% പേര് അമേരിക്കയുടെ പുറത്തുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. കമൽഹാസൻ, ആയുഷ്മാൻ ഖുറാന എന്നിവരെ കൂടാതെ, ചലച്ചിത്ര നിർമ്മാതാവ് പായൽ കപാഡിയ , ഡോക്യുമെൻ്ററി സംവിധായിക സ്മൃതി മുണ്ട്ര, വസ്ത്രാലങ്കാരം മാക്സിമ ബസു, ഛായാഗ്രാഹകൻ രണബീർ ദാസ്, കാസ്റ്റിംഗ് ഡയറക്ടർ രണബീർ ദാസ് എന്നിവരാണ് ഈ വർഷത്തെ പട്ടികയിലെ ഇന്ത്യയിൽ നിന്നുള്ള മറ്റ് പ്രതിനിധികൾ. "കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവരുടെ ഈ ആദരണീയ വിഭാഗത്തെ അക്കാദമിയിൽ ചേരാൻ ക്ഷണിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ചലച്ചിത്ര നിർമ്മാണത്തോടും വിശാലമായ സിനിമാ വ്യവസായത്തോടുമുള്ള അവരുടെ പ്രതിബദ്ധതയിലൂടെ, ഈ അസാധാരണ കഴിവുള്ള വ്യക്തികൾ നമ്മുടെ ആഗോള ചലച്ചിത്ര നിർമ്മാണ സമൂഹത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അക്കാദമി സിഇഒ ബിൽ ക്രാമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും പറഞ്ഞു. 2026 മാർച്ച് 15 ന് കോനൻ ഒ'ബ്രയൻ ആതിഥേയത്വം വഹിക്കുന്ന ഓസ്കർ അവാർഡുകൾ നടക്കും. ജനുവരി 12 മുതൽ ജനുവരി 16 വരെ നോമിനേഷൻ പ്രക്രിയയും വോട്ടെടുപ്പും നടക്കും. പരിഗണനയ്ക്ക് ശേഷം, ജനുവരി 22 ന് നോമിനികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും.
                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                 
                                                





