വായു മലിനീകരണം: ലോകത്തെ മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയില്‍
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 17 ലക്ഷത്തില്‍ അധികം മരണങ്ങളാണ് ഇന്ത്യയില്‍ വായു മലിനീകരണത്തിന്റെ ഫലമായി ഉണ്ടാകുന്നത് എന്നാണ് ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചിന്റെ 2025 ലെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പറയുന്നത്. 2010 ന് ശേഷം ഇത്തരം മരണങ്ങളുടെ തോത് 38 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം 1.72 ദശലക്ഷം മരണങ്ങള് പ്രതിവർഷം വിവിധ തരത്തിലുള്ള വായു മലിനീകരണങ്ങളെ തുടര്‍ന്നു ഉണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ പ്രതിവര്‍ഷം 2.5 ദശലക്ഷം മരണങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത് എന്നിരിക്കെയാണ് കണക്കിലെ ഇന്ത്യയുടെ അവസ്ഥ വെളിവാകുന്നത്. ഇന്ത്യയിലെ വായുമലിനീകരണം മൂലമുള്ള മരണങ്ങളില്‍ 44 ശതമാനവും (752,000) ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്. ഇതില്‍ കല്‍ക്കരി, ദ്രാവക വാതകം എന്നിവയുടെ ഉപയോഗം പ്രത്യേകം എടുത്ത് പറയുകയും ചെയ്യുന്നുണ്ട്. കല്‍ക്കരി മാത്രം 394,000 മരണങ്ങള്‍ക്ക് കാരണമാകുന്നു. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ഉപയോഗമാണ് ഇതിലെ 298,000 മരണങ്ങള്‍ക്ക് കാരണം. റോഡ് ഗതാഗതത്തിന് പ്രട്രോള്‍ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണം 269,000 മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ രാജ്യത്ത് കാട്ടു തീ ഉണ്ടാക്കിയ മലിനീകരണം പ്രതിവര്‍ഷം ശരാശരി 10,200 മരണങ്ങള്‍ക്ക് കാരണമായെന്നാണ് എന്നാണ് മറ്റൊരു കണ്ടെത്തല്‍. കാട്ടുതീ ഉണ്ടാക്കിയ പുക ഇത് 2003 മുതല്‍ 2012 കാലയളവില്‍ 28 ശതമാനം വര്‍ധനവാണ് ഈ കണക്കില്‍ ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാര്‍ഹിക വായു മലിനീകരണം മൂലം 100,000 ആളുകളില്‍ ശരാശരി 113 മരണങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. 2022 ലെ കണക്കുകളാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ആണ് ഇത്തരം മരണനിരക്ക് കൂടുതല്‍. 2022 ല്‍ ഇന്ത്യയില്‍ പുറത്തെ വായു മലിനീകരണം മൂലമുള്ള അകാല മരണത്തിന്റെ സാമ്പത്തിക ചെലവ് ജിഡിപിയുടെ 9.5 ശതമാനത്തിന് തുല്യമായ 339.4 ബില്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                 
                                                





