Latest Updates

ന്യൂഡല്‍ഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ കിരണ്‍ കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച് കൊണ്ടാണ് സുപ്രീംകോടതി കിരണ്‍ കുമാറിന് ജാമ്യം നല്‍കിയത്. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയവയാണ് കിരണ്‍കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ പ്രധാനവാദം. വിസ്മയയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടല്‍ കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാനായില്ല. താന്‍ മാധ്യമവിചാരണയുടെ ഇരയാണെന്നും കിരണ്‍കുമാറിന്റെ ഹര്‍ജിയിലുണ്ട്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

Get Newsletter

Advertisement

PREVIOUS Choice