ഓപ്പറേഷന് നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ പിടിച്ചെടുത്തു, വ്യവസായികളുടെ അടക്കം 30 ഇടങ്ങളില്‍ പരിശോധ
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ നടന് ദുല്‍ഖര്‍ സല്‍മാന്റെ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്കി. ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നടന്മാരായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധനയ്ക്ക് എത്തി. കൂടാതെ മമ്മൂട്ടിയുടെ പഴയ വീടിന്റെ ഗാരേജിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോയി. ഭൂട്ടാന് സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിച്ച് നികുതി വെട്ടിച്ച് വിൽപ്പന നടത്തുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്തരത്തിൽ 198 ഓളം കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചെന്നാണ് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുള്ളത്. ഇതിൽ 20 എണ്ണം കേരളത്തിലാണെന്നും കസ്റ്റംസിന്റെ നിഗമനം. ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ്യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടു വന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                 
                                                





