മോശം കാലാവസ്ഥ അവഗണിച്ചു, സ്പൈസ് ജെറ്റ് പൈലറ്റിനെതിരെ നടപടി
സ്പൈസ് ജെറ്റ് പൈലറ്റിന്റെ ലൈസൻസ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മെയ് മാസത്തിൽ മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്ക് വിമാനം ഓടിച്ച പൈലറ്റിൻറെ ലൈസൻസാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്.
വിവിധ നിയമലംഘനങ്ങൾ കാരണം വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായി ഒരു മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാൻ സ്പൈസ് ജെറ്റ് വക്താവ് വിസമ്മതിച്ചു.
മെയ് ഒന്നിന് കാലാവസ്ഥ മാനേജ് ചെയ്യുന്നതിൽ പൈലറ്റിന് വീഴ്ച്ച വന്നതിനെ തുടർന്ന് 14 യാത്രക്കാർക്കും മൂന്ന് ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. മുംബൈയിൽ നിന്ന് പശ്ചിമ ബംഗാളിലെ ദുർഗാപൂരിലേക്ക് സർവീസ് നടത്തുന്ന സ്പൈസ് ജെറ്റാണ് കടുത്ത കുലുക്കത്തിൽപ്പെട്ടത്. സംഭവത്തിൽ ക്യാബിൻ ക്രൂ അംഗത്തിന് പുറമെ 14 ഓളം യാത്രക്കാർക്ക് പരിക്കേറ്റതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അരുൺ കുമാർ പറഞ്ഞു. ഇവരിൽ കുറച്ചുപേർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്, തുന്നലുകൾ ഇട്ടിട്ടുണ്ട്. ഒരു യാത്രക്കാരൻ നട്ടെല്ലിന് പരിക്കേറ്റതായും പരാതിപ്പെട്ടിട്ടുണ്ട്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് സംഭവം അന്വേഷിച്ചത്. പൈലറ്റിന് മോശം കാലാവസ്ഥയെ മികച്ച രീതിയിൽ നേരിടാമായിരുന്നുവെന്ന് ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു, പ്രത്യേകിച്ചും പ്രദേശത്തെ മറ്റ് നിരവധി വിമാനങ്ങളിലെ ജീവനക്കാർ ഇത് ഒഴിവാക്കാൻ അവരുടെ വിമാനങ്ങൾ വഴിതിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു.
നിലവിൽ, സ്പൈസ്ജെറ്റ് അതിന്റെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 50 ശതമാനം മാത്രമേ പ്രവർത്തിപ്പിക്കുന്നുള്ളു. ഡിജിസിഎയുടെ നിർദേശമനുസരിച്ചാണിത്. എയർലൈനിന്റെ മോശം സുരക്ഷയും അറ്റകുറ്റപ്പണിയും കണക്കിലെടുത്താണ് ഡിജിസിഎ ഈ ഉത്തരവ് നൽകിയത്.