Latest Updates

കുടുംബത്തിനും ജോലിക്കും മാത്രമായി സമർപ്പിക്കപ്പെട്ടതാണ് മിക്ക സ്ത്രീകളുടെയും ജീവിതം. സ്വന്തം ആരോഗ്യകാര്യങ്ങൾ ഭൂരിഭാഗം പേരും തീരെ ശ്രദ്ധിക്കാറില്ല. അതുകൊണ്ടാകാം പെട്ടെന്നൊരു ദിനം രോഗബാധിതയാണെന്നറിയുമ്പോൾ പലരും തളർന്നുപോകുന്നത്. ഈ പ്രതിസന്ധി മുമ്പേ അറിഞ്ഞ് പ്രതിരോധിക്കാൻ കൃത്യസമയത്തെ പരിശോധകൾ കൊണ്ടു കഴിയും. 30 മുതൽ 40 വയസ്സു വരെയുള്ള സ്ത്രീകൾ ചെയ്യേണ്ട പരിശോധനകൾ അറിയാം.  

ലൈംഗികരോഗങ്ങൾ കണ്ടുപിടിക്കാനുള്ള പരിശോധന

 

ക്ലമീഡിയ, ഹ്യൂമൻ പാപ്പിലോമ വൈറസ്, ഹെർപിസ് സിംപ്ലക്സ് വൈറസ്, ട്രൈക്കോമോണിയാസിസ്, എയ്ഡ്സ് എന്നീ ലൈംഗികരോഗങ്ങൾ നിർണയിക്കാൻ പരിശോധനകളുണ്ട്. ജനനേന്ദ്രിയത്തിൽ ചൊറിച്ചിൽ, വ്രണം, അധികമായി സ്രവം വരിക എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറോടു പറയുക. ലൈംഗികജീവിതത്തിൽ ഒന്നിലധികം പങ്കാളികളുണ്ടെങ്കിലും ഭർത്താവിന് അനവധി സ്ത്രീകളുമായി ലൈംഗികബന്ധമുണ്ടെങ്കിലും ലൈംഗികരോഗങ്ങൾ കണ്ടുപിടിക്കാനുള്ള പരിശോധനകൾ ചെയ്യണം. തൂക്കം നോക്കുക, ബി പി പരിശോധന എന്നിവ ചെയ്യണം

രക്തപരിശോധന : ഹീമോഗ്ലോബിൻ (രക്തക്കുറവുണ്ടോ എന്നറിയാനുള്ള ടെസ്റ്റ്), ഗ്ലൂക്കോസ്, (പ്രമേഹമുണ്ടോ എന്നറിയാൻ), തൈറോയ്ഡ് ടെസ്റ്റുകൾ, കൊളസ്ട്രോൾ എന്നീ പരിശോധനകൾ നടത്താം. കൊളസ്ട്രോൾ പരിശോധന അഞ്ചുവർഷത്തിലൊരിക്കൽ നടത്തണം.

ക്ലിനിക്കൽ സ്തനപരിശോധന : (ഡോക്ടർ നടത്തുന്നത്) എല്ലാ വർഷവും നടത്താം.

പാപ്സ്മിയർ ടെസ്റ്റ് : വർഷത്തിലൊരിക്കൽ ജനനേന്ദ്രിയ പരിശോധനയും മൂന്നുവർഷത്തിലൊരിക്കൽ പാപ്സ്മിയർ പിരശോധനയും നടത്തണം

ചർമപരിശോധന : ചർമത്തിലോ മറുകിലോ എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടെങ്കിൽ ഡോക്ടറെ കാണിക്കുക. മൂന്നു വർഷത്തിലൊരിക്കൽ ഡോക്ടറെ കണ്ട് ചർമപരിശോധന നടത്തണം.

കണ്ണുപരിശോധന: മൂന്നു വർഷത്തിലൊരിക്കൽ കണ്ണുപരിശോധിക്കണം. ദൃഷ്ടിയിൽ തകരാറ്, തിമിരം, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവയുള്ളവരും കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുന്നവരും ഗ്ലോക്കോമ, മാക്കുലാർ ഡിജനറേഷൻ എന്നീ നേത്രരോഗങ്ങളുടെ കുടുംബപാരമ്പര്യമുള്ളവരും ഇടയ്ക്കിടെ കണ്ണുപരിശോധന നടത്തണം.

കേൾവിത്തകരാർ അറിയാം: പത്തു വർഷത്തിലൊരിക്കലെങ്കിലും ചെവി പരിശോധിക്കേണ്ടതാണ്.

Get Newsletter

Advertisement

PREVIOUS Choice