ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴം നാരങ്ങ
അമേരിക്കയിലെ വില്യം പാറ്റേഴ്സൺ സർവകലാശാല നടത്തിയ പഠനത്തിലാണ് നാരങ്ങയെ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴമായി തിരഞ്ഞെടുത്തത് തിരുവനന്തപുരം: വിറ്റാമിനുകൾ, നാരുകൾ, ഫ്ലേവനോയ്ഡുകൾ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകളുടെ സാന്ദ്രതയിലും ആരോഗ്യഗുണങ്ങളിലും മുന്നിൽ നിൽക്കുന്ന പഴമായി നാരങ്ങയെ കണ്ടെത്തിയതായി പഠനം. അമേരിക്കയിലെ വില്യം പാറ്റേഴ്സൺ സർവകലാശാല നടത്തിയ പഠനത്തിലാണ് നാരങ്ങയെ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴമായി തിരഞ്ഞെടുത്തത്. ലോകത്തെ വിവിധ ഫലങ്ങൾ താരതമ്യം ചെയ്ത് അവയുടെ പോഷകസാംഗതികതയും കലോറി മൂല്യവും പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. 100 കലോറിയിൽ നിന്ന് ശരീരത്തിന് ആവശ്യമായ മുഴുവൻ പോഷകങ്ങളും നൽകാൻ കഴിയുന്ന 41 ഭക്ഷണങ്ങളിലൊന്നായി നാരങ്ങ ഉൾപ്പെടുന്നു. നാരങ്ങ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നതിനും, ദഹനം സുഗമമാക്കുന്നതിനും, ഹൃദ്രോഗങ്ങളെ തടയുന്നതിനും, ദാഹ ശമിപ്പിക്കുന്നതിനും വലിയ പങ്ക് വഹിക്കുന്നു. അതുപോലെ തന്നെ, അസിഡിക് സ്വഭാവമുള്ള നാരങ്ങ ഉപാപചയം കഴിഞ്ഞ് ആൽക്കലൈൻ സ്വഭാവത്തിലേക്ക് മാറുന്നതാണ് മറ്റൊരു പ്രത്യേകത. ഇതുവഴി ശരീരത്തിലെ പിഎച്ച് നില സ്ഥിരതയിൽ സൂക്ഷിക്കപ്പെടുന്നു. ഡയറ്റിൽ നാരങ്ങ എങ്ങനെ ഉൾപ്പെടുത്താം? രാവിലെ ചെറുചൂടുവെള്ളത്തിൽ ഒരു കഷ്ണം നാരങ്ങ പിഴിഞ്ഞു കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതോടൊപ്പം, സാലഡ്, സൂപ്പ്, കട്ടൻ ചായ തുടങ്ങിയവയിലും നാരങ്ങ നീര് ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                                
                                                 
                                                





