Latest Updates

തമിഴ് നടിയും ടെലിവിഷന്‍ അവതാരകയുമായ യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ശനിയാഴ്ച അര്‍ധരാത്രി മഹാബലിപുരത്തെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ വെച്ചാണ് അപകടം. അപകടത്തില്‍ നടിയുടെ സുഹൃത്ത് വല്ലി ചെട്ടി ഭവാനി (28) സംഭവസ്ഥലത്ത് വെച്ച് മരിച്ചു. യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. നാല് പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. യാഷികയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു മിഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തകര്‍ന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അമേരിക്കയില്‍ എഞ്ചിനീയറാണ് മരിച്ച ഭവാനി. 

2016ല്‍ പുറത്തിറങ്ങിയ 'കാവലേയ് വേണ്ടാം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് യാഷിക സിനിമയിലെത്തിയത്. അതേവര്‍ഷം ഇറങ്ങിയ 'ധ്രുവങ്ങള്‍ പതിനാറു' എന്ന ചിത്രത്തിലും യാഷിക ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വിജയ് ദേവരകൊണ്ട നായകനായ 'നോട്ട', കഴുഗ് 2, സോമ്പി, മൂക്കുത്തി അമ്മന്‍ എന്നീ ചിത്രങ്ങളിലും യാഷിക അഭിനയിച്ചിട്ടുണ്ട്. രാജ ഭീമ, ഇവന്‍ താന്‍ ഉത്തമന്‍, കടമായായി സെയ്, എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Get Newsletter

Advertisement

PREVIOUS Choice