Latest Updates

  തിരുവനന്തപുരം:  ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേന്ദ്ര സര്‍ക്കാര്‍ നാമമാത്രമായാണ് നികുതി കുറച്ചതെങ്കിലും അതിന് ആനുപാതികമായി മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തതു പോലെ കേരളവും നികുതി കുറക്കാന്‍ തയാറാകണം. അഞ്ചു വര്‍ഷത്തിനിടെ ഇന്ധന വില്‍പനയിലൂടെ 5000 കോടി രൂപയുടെ അധിക വരുമാനം ലഭിച്ച കേരളം, നികുതി കുറച്ച് ജനങ്ങളെ സഹായിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഭീകരതയാണ് നടപ്പാക്കുന്നത്. നികുതി ഭീകരതയ്ക്ക് എതിരെയാണ് പ്രതിപക്ഷത്തിന്റെ സമരം. കേന്ദ്രം കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

  ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് കെ. ബാബു നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.      യു.പി.എ സര്‍ക്കാര്‍ വില നിര്‍ണയാധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്തതാണ് ഇന്ധന വിലക്കയറ്റത്തിന് കാരണമെന്നു പറയുന്ന സി.പി.എമ്മും സര്‍ക്കാരും ബി.ജെ.പിയെ സഹായിക്കുകയാണ്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായി പെട്രോള്‍ ഡീസല്‍ വില നിശ്ചയിക്കാനുള്ള അധികാരമാണ് എണ്ണ കമ്പനികള്‍ക്ക് നല്‍കിയത്. അതനുസരിച്ചായിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്നതിന്റെ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുമായിരുന്നു. യു.പി.എയെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തുന്ന വാദം മോദി സര്‍ക്കാരിനെ പരസ്യമായി സഹായിക്കുന്നതാണ്.   

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നാലു തവണ നികുതി കുറച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് 493 കോടി രൂപ ലഭിച്ചപ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് എല്‍.ഡി.എഫ് അയ്യായിരം കോടി രൂപയിലധികമാണ് അധിക വരുമാനമുണ്ടാക്കിയത്. 500 കോടിയുടെ സ്ഥാനത്ത് അയ്യായിരം കോടി അധികമായി ലഭിച്ചിട്ടും നികുതി കുറയ്ക്കില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. നികുതി കുറക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി അവസാനിപ്പിക്കണം. അതല്ലെങ്കില്‍ ജനകീയ സമരവുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. 

Get Newsletter

Advertisement

PREVIOUS Choice