Latest Updates

   സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ കോവിഡ് 19 വാക്‌സിനേഷന്‍ 4 കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേര്‍ക്ക് (2,54,44,066) ആദ്യ ഡോസ് വാക്‌സിനും 55.29 ശതമാനം പേര്‍ക്ക് (1,47,66,571) രണ്ടാം ഡോസ് വാക്‌സിനും നല്‍കി . ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 79.25 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 37.31 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. കേരളം നടത്തിയ മികച്ച വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഫലം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.  

രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്‌സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്‌സിനേഷനായി രജിസ്‌ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനായി, വാക്‌സിന്‍ സമത്വത്തിനായി വേവ് ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗര്‍ഭിണികളുടെ വാക്‌സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ എന്നിവയും നടപ്പിലാക്കി.   പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. സ്ത്രീകളില്‍ 2,08,57,954 ഡോസ് വാക്‌സിനും പുരുഷന്‍മാരില്‍ 1,93,42,772 ഡോസ് വാക്‌സിനുമാണെടുത്തത്. ആരോഗ്യ പ്രവര്‍ത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്.      

Get Newsletter

Advertisement

PREVIOUS Choice