Latest Updates

   റഫാല്‍ യുദ്ധവിമാനം വാങ്ങിയതില്‍ വന്‍കൈക്കൂലി നല്‍കിയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം.  36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ സഹായിക്കുന്നതിന് ഫ്രഞ്ച് വിമാന നിര്‍മ്മാതാക്കളായ ദസ്സാള്‍ട്ട് ഒരു ഇടനിലക്കാരന് കുറഞ്ഞത് 7.5 ദശലക്ഷം യൂറോ (ഏകദേശം 650 ദശലക്ഷം രൂപ) കൈക്കൂലിയായി നല്‍കിയെന്നാണ് ഫഞ്ച് പോര്‍ട്ടല്‍ മീഡിയപാര്‍ട്ട് പറയുന്നത്

. ഇതേക്കുറിച്ചുള്ള  രേഖകള്‍ ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ ഏജന്‍സികള്‍ ഇത് അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മീഡിയപാര്‍ട്ട് പുതിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.  59,000 കോടി രൂപയുടെ റഫാല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളാണ് ഓണ്‍ലൈന്‍ ജേണല്‍ അന്വേഷിക്കുന്നത്. ആരോപണവിധേയനായ ഇടനിലക്കാരനായ സുഷേന്‍ ഗുപ്തയ്ക്ക് രഹസ്യ കമ്മീഷനുകള്‍ നല്‍കാന്‍ ദസ്സാള്‍ട്ടിനെ പ്രാപ്തമാക്കിയെന്ന് പറയുന്ന വ്യാജ ഇന്‍വോയ്‌സുകളും  മീഡിയപാര്‍ട്ട് പ്രസിദ്ധീകരിച്ചു.

'ഈ രേഖകള്‍ നിലവിലുണ്ടെങ്കിലും, ഇന്ത്യന്‍ ഫെഡറല്‍ പോലീസ് ഇക്കാര്യം അന്വേഷിക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്നും പോര്‍ട്ടല്‍ ചൂണ്ടിക്കാണിക്കുന്നു.  മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് അനുസരിച്ച്, 2013-ന് മുമ്പാണ് കോഴ പണമിടപാടിന്റെ  ഭൂരിഭാഗവും നടത്തിയത്. ഇന്റര്‍സ്റ്റെല്ലര്‍ ടെക്നോളജീസ് എന്ന മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത ഷെല്‍ കമ്പനി വഴി അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് സുഷേന്‍ ഗുപ്തയ്ക്കെതിരെയുള്ള ആരോപണം.

അന്വേഷണം സുഗമമാക്കുന്നതിന് കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അയക്കാന്‍ മൗറീഷ്യന്‍ അധികൃതര്‍ സമ്മതിച്ചു. റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് ഏജന്‍സിക്ക് ഔദ്യോഗിക പരാതി ലഭിച്ച് ഒരാഴ്ച്ച കഴിഞ്ഞാണ് 2018 ഒക്ടോബര്‍ 11ന് രേഖകള്‍ സിബിഐക്ക് അയച്ചത്. 'എന്നിരുന്നാലും, അഴിമതി പരാതി സമര്‍പ്പിച്ച് ഏഴ് ദിവസത്തിന് ശേഷം രഹസ്യ കമ്മീഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചെങ്കിലും അന്വേഷണം ആരംഭിക്കേണ്ടതില്ലെന്ന് സിബിഐ തീരുമാനിക്കുകയായിരുന്നെന്നും ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു    

Get Newsletter

Advertisement

PREVIOUS Choice