Latest Updates

സിനിമാക്കാര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് നാം കാണാറുണ്ട്. രാഷ്ട്രീയത്തില്‍ നിന്നും സിനിമയിലേക്കുള്ള പ്രവേശനം അത്രയ്ക്ക് അങ്ങുണ്ടാകാറില്ല. എന്നാല്‍ സമീപകാലത്ത് അത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. മുന്‍പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തല, എം.എ ആരിഫ് എംപി എന്നിവരുടെ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതിന് പിന്നാലെയിതാ പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.  അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിലാണ് മുഹ്സിന്‍ നായകനായെത്തുന്നത്. സിനിമയില്‍ പത്രപ്രവര്‍ത്തകന്റെ റോളിലാണ് എം.എല്‍.എ. മുന്‍പ് നാടകങ്ങളില്‍ അഭിനയിച്ച പരിചയത്തിലാണ് മുഹമ്മദ് മുഹ്സിന്‍ സിനിമയിലേക്കെത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയുടെ പ്രഖ്യാപനം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വെച്ചാണ് നടന്നത്. മുഹ്‌സിനൊപ്പം സുരേഷ് കുറുപ്പ്, കരുനാഗപ്പള്ളി എം.എല്‍.എ. സി.ആര്‍. മഹേഷ്, രാജ്യസഭ എം.പി. സോമപ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങിയ സാഗരയാണ് നായിക. അതേസമയം ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് രമേശ് ചെന്നിത്തലയും, എം.എ ആരിഫും അഭിനയിക്കുന്നത്. ഇരുവരും രാഷ്ട്രീയക്കാരായിട്ടാണ് ചിത്രത്തിലെത്തുന്നത്. ഇവര്‍ക്ക് പുറമെ നിരവധി പ്രമുഖ ഹാസ്യതാരങ്ങളും ചിത്രത്തിലുണ്ട്. റെജുകോശി എഴുതിയ ഹരിപ്പാട് ഗ്രാമപഞ്ചായത്തിന്റെ സംവിധാനം നിഖില്‍ മാധവാണ് രമേശ് ചെന്നിത്തല ഉന്നത രാഷ്ട്രീയ നേതാവായും ആരിഫ് ചെറിയ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി പിന്നീട് എംപിയാകുന്ന അശോകന്റെ വേഷവുമാണ് അഭിനയിക്കുന്നത്. പണ്ട് നാട്ടിലെ ക്ലബ്ബുകളിലും സ്‌കൂളിലും കോളെജിലുമൊക്കെ നാടകത്തില്‍ അഭിനയിച്ചിട്ടുളള രമേശ് ചെന്നിത്തല ചില ഡോക്യുമെന്ററികളിലും മുഖം കാണിച്ചിട്ടുണ്ട്. ബിഗ് സ്‌ക്രീനില്‍ ആദ്യമായിട്ടാണ് രമേശ് അഭിനയിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice