Latest Updates

കേരള പോലീസ് അസോസിയേഷൻ മുഖമാസികയായ  കാവൽ കൈരളി ഏർപ്പെടുത്തിയ സംസ്ഥാനതല സാഹിത്യപുരസ്കാരം 2021 വിജയികളെ പ്രഖ്യാപിച്ചു. മനോജ് പറയറ്റയുടെ 'ഒറ്റനക്ഷത്രം എന്ന ചെറുകഥയും എസ് ടി അനൂപിന്റെ മീനുകൾ എന്ന കവിതയും ഒന്നാം സ്ഥാനം നേടി.

     മനോജ് പറയറ്റ മലപ്പുറം കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ആണ്.  എസ് ടി അനൂപ്  തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആണ്.

    ചെറുകഥയിൽ സതീഷ് കെ പി കടക്കരപ്പള്ളി (പുന്നപ്ര പി എസ് ആലപ്പുഴ)യുടെ രുക്ഷാന രണ്ടാം സ്ഥാനവും  സുകുമാരൻ കാരാട്ടിലിന്റെ (പെരിന്തൽമണ്ണ ട്രാഫിക്) ഈയാം പാറ്റകളുടെ ക്ഷണിക ജീവിതം മൂന്നാംസ്ഥാനവും നേടി. കവിതയിൽ ടി വി ജയേഷിന്റെ (പയ്യാവൂർ പി എസ് കണ്ണൂർ ) തൊട്ടാവാടിയുടെ മൊഴി രണ്ടാം സ്ഥാനവും ദാമോദരൻ ചീക്കല്ലൂരിന്റെ (കമ്പളക്കാട് പി എസ് വയനാട് ) മീശയുടെ ശരീരഭാഷ മൂന്നാം സ്ഥാനവും നേടി.

  ചെറുകഥാ പുരസ്കാരം നേടിയ മനോജ് പറയറ്റ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിയാണ്. ആനുകാലികങ്ങളിൽ നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിട്ടുണ്ട്. വഴിക്കാഴ്ച എന്ന ഷോർട്ട് ഫിലിമിന് പ്രിയദർശിനി പുരസ്കാരം ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സ്പെഷ്യൽ ഓപ്പറേഷൻ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, അന്വേഷണ മികവിനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ തുടങ്ങിയവ നേടിയിട്ടുണ്ട്.

    കവിതാപുരസ്കാരം നേടിയ എസ് ടി അനൂപിന്റെ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്. 

      ഡോ. പി കെ രാജശേഖരൻ, ഡോ. രാധിക സി നായർ  എന്നിവർ ചെറുകഥയിലും അസിം താന്നിമൂട്, വി എസ് ബിന്ദു എന്നിവർ കവിതയിലും ജൂറി അംഗങ്ങളായിരുന്നു.

         5001 രൂപയും  ഫലകവും  പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജനുവരിയിൽ വിതരണം ചെയ്യുമെന്ന് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെപി പ്രവീൺ, പ്രസിഡണ്ട് എസ് ആർ ഷിനോദാസ്, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി എന്നിവർ അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice