Latest Updates

ലോകമെമ്പാടുമുള്ള സാങ്കേതിക സേവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി 150,000 പുതിയ ബിരുദധാരികള്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ ലഭിക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ തുടങ്ങിയ കമ്പനികളാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കുന്നത്. കൊറോണയെ തുടര്‍ന്ന് ലോക്ഡൗണ്‍ വന്നതോടെ മിക്കവര്‍ക്കും തൊഴില്‍ നഷ്ടമായിരുന്നു. നിരവധിപേരുടെ ശമ്പളം വെട്ടിക്കുറക്കുകയുണ്ടായി. കോവിഡിനെതുടര്‍ന്ന് ആഗോള കോര്‍പറേറ്റുകളില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മേഖലയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 

ഐടി മേഖലയില്‍ കുറച്ചുവര്‍ഷങ്ങളായി പുതിയ ഉദ്യോഗാര്‍ത്ഥികളെ ജോലിക്കെടുക്കുന്നത് കുറഞ്ഞു വരികയായിരുന്നു. അടുത്ത 12-18 മാസങ്ങള്‍ ഈ മേഖലയില്‍ തൊഴില്‍ സാധ്യത വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. പരിചയ സമ്പന്നര്‍ ജോലിമാറാന്‍ സന്നദ്ധരാണെങ്കിലും ഇവരെ നിയമിക്കുന്നത് ചെലവേറിയതായതിനാല്‍ പുതുമുഖങ്ങളെയാണ് കമ്പനികള്‍ക്ക് താല്‍പര്യം. 

ടിസിഎസ് ജൂണില്‍ 20,400 പേരെയാണ് നിയമിച്ചത്. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം അഞ്ച് ലക്ഷത്തിലധികമായി. ഇന്‍ഫോസിസ് 8,200 പേരെയും വിപ്രോ 12,000 പേരെയും എച്ച്‌സിഎല്‍ 7,500 പേരെയും ഈ കാലയളവില്‍ പുതിയതായി നിയമിച്ചു. രാജ്യത്തെ മൂന്നിലൊന്ന് ഐടി സേവനങ്ങളും നല്‍കുന്നത് ടി.സി.എസ്, ഇന്‍ഫോസിസ്, എച്ച്.സി.എല്‍ എന്നീ കമ്പനികളാണ്. 150 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് വരുംമാസങ്ങളില്‍ ഐടി കമ്പനികള്‍ക്ക് ലഭിക്കുക.

Get Newsletter

Advertisement

PREVIOUS Choice