Latest Updates

മലയാളി ശാസ്ത്രജ്ഞൻ ഡോ. എസ് സോമനാഥ് ഐഎസ്ആർഒയുടെ ചെയർമാൻ. നിലവിൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറാണ്. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഡോ.കെ ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുന്നത്. എം.ജി.കെ മേനോൻ, കെ കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികൾ. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നിൽ.

സോമനാഥ് പ്രോജക്ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014-ൽ പുതു തലമുറ വിക്ഷേപണ വാഹനമായ എൽ.എം.വി-3 വിജയകരമായി പരീക്ഷിച്ചത്. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക് മൂന്നിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായും അദ്ദേഹം ചുമതല വഹിച്ചിരുന്നു. 

പി.എസ്.എൽ.വി. വികസനത്തിന്റെ ആദ്യകാലത്ത് ഐ.എസ്.ആർ.ഒ.യിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം പി.എസ്.എൽ.വി. സംയോജനസംഘത്തിന്റെ തലവനായിരുന്നു. 2015-ൽ എൽ.പി.എസ്.സി. ഡയറക്ടറായി ചുമതലയേറ്റ സോമനാഥ് ഇന്ത്യൻ ക്രയോജനിക് ഘട്ടങ്ങൾ സാധ്യമാക്കുന്ന സംഘത്തിന് നേതൃത്വം നൽകുകയും ചെയ്തു. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എൻജിനീയറിങ്ങിൽ വിദഗ്ദ്ധനായ സോമനാഥ്, പി.എസ്.എൽ.വി.യുടെയും ജി.എസ്.എൽ.വി. മാർക്ക് മൂന്നിന്റെയും രൂപകൽപന, പ്രൊൽഷൻ സംവിധാനം, വാഹനസംയോജനം തുടങ്ങിയ മേഖലകളിലൊക്കെ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

 

കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് എയ്റൊ സ്പേസ് എൻജിനീയറിങ്ങിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി.

Get Newsletter

Advertisement

PREVIOUS Choice