Latest Updates

  താലിബാന്‍ അധികാരമേറ്റെടുത്ത പശ്ചാത്തലത്തില്‍  അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള  ഉന്നതതല പ്രാദേശിക സുരക്ഷാ ചര്‍ച്ചയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.   2018 സെപ്റ്റംബറിലും 2019 ഡിസംബറിലും നടന്ന ഡല്‍ഹി റീജിയണല്‍ സെക്യൂരിറ്റി ഡയലോഗ് കോവിഡ്-19 കാരണം കഴിഞ്ഞ വര്‍ഷം നടന്നിരുന്നില്ല. നവംബര്‍ 10 ന് നടക്കുന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ചര്‍ച്ചയ്ക്കായുള്ള ഇന്ത്യയുടെ ക്ഷണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.  മധ്യേഷ്യന്‍ രാജ്യങ്ങളും റഷ്യയും ഇറാനും പങ്കാളിത്തം സ്ഥിരീകരിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ  അയല്‍രാജ്യങ്ങള്‍ മാത്രമല്ല, എല്ലാ മധ്യേഷ്യന്‍ രാജ്യങ്ങളും ഇത്തരത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ''അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രാദേശിക ശ്രമങ്ങളില്‍ ഇന്ത്യയുടെ പങ്കിന് ലഭിക്കുന്ന അംഗീകാരമാണ് ആവേശകരമായ പ്രതികരണമെന്ന് സുരക്ഷാവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ചര്‍ച്ചയ്ക്കായി  ചൈനയെയും പാകിസ്ഥാനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പ്രതികരിച്ചില്ല. അതേസമയം ചര്‍ച്ചയില്‍ ഭാഗമാകില്ലെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ' പാകിസ്ഥാന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും പക്ഷേ ആശ്ചര്യമില്ലെന്നുമാണ് സുരക്ഷാസേനയുടെ ഭാഗത്ത് ്‌നിന്നുള്ള പ്രതികരണം. അഫ്ഗാനിസ്ഥാനെ അതിന്റെ സംരക്ഷകരാജ്യമായി വീക്ഷിക്കുന്ന  മാനസികാവസ്ഥയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.  മുന്‍ യോഗങ്ങളിലും  പാകിസ്ഥാന്‍ പങ്കെടുത്തിട്ടില്ല. ഇന്ത്യയ്ക്കെതിരായ അതിന്റെ മാധ്യമ പരാമര്‍ശങ്ങള്‍ അഫ്ഗാനിസ്ഥാനിലെ വിനാശകരമായ പങ്കില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു പരാജയപ്പെട്ട ശ്രമമാണെന്നും പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ സുരക്ഷാവൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. 

ഭീകരതയ്ക്കെതിരായ 20 വര്‍ഷത്തെ സൈനികനടപടികള്‍ക്ക് ശേഷം  യുഎസ് സൈന്യം രാജ്യം വിട്ടതിന് ശേഷമാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഏറ്റെടുത്തത്.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നടപടി കൂടുതല്‍ കരുതലോടെയാണ് കാണേണ്ടത്.  ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുമെന്നതാണ് രാജ്യത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. 

Get Newsletter

Advertisement

PREVIOUS Choice