Latest Updates

നൂറു തികഞ്ഞ ഇബനീസറും 98 വയസു കഴിഞ്ഞ കൃഷ്ണദാസും ഇന്ന് ആശ്വാസത്തിലാണ്. കോവിഡ് എന്ന പുതുതലമുറ രോഗം ഈ ജീവിത സായാഹ്നത്തില്‍ തങ്ങളെയും ബാധിച്ചുവെന്നത് ആശങ്കയുണര്‍ത്തിയെങ്കിലും അവര്‍ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. ആശുപത്രി വാസം ഒരു ഘട്ടത്തില്‍ പോലും ഒറ്റപ്പെടലിന്റെ  വേദന സമ്മാനിച്ചിരുന്നുമില്ല. സംസ്ഥാന സര്‍ക്കാര്‍ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നൂതന ചികിത്സാ സൗകര്യങ്ങള്‍ മുതല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും മുതല്‍ ശുചീകരണ ജീവനക്കാര്‍ വരെയുള്ളവരുടെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയുള്ള സമീപനം വരെ അതിനു കാരണമായി. 

 

രോഗമുക്തനായ കാഞ്ഞിരംകുളം സ്വദേശി ഇബനീസര്‍ ആരോഗ്യം വീണ്ടെടുക്കുകയും കഴിഞ്ഞദിവസം ആശുപത്രി വിടുകയും ചെയ്തു. കടുത്ത ശ്വാസതടസത്തെതുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡിന്റെ ഭാഗമായ ബ്രോങ്കോന്യുമോണിയയാണെന്ന് സ്ഥിരീകരിച്ചു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇബനീസര്‍ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. മികച്ച പരിചരണവും കരുതലുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അച്ഛന് ലഭിച്ചതെന്ന് ഇബനീസറിന്റെ മകന്‍ ജോസ് പറഞ്ഞു.

 

 ആറ്റിങ്ങല്‍ സായിഗ്രാമത്തിലെ വയോജനകേന്ദ്രത്തിലെ അന്തേവാസിയായ കൃഷ്ണദാസും രോഗമുക്തനായി. പരിശോധനകള്‍ക്കു ശേഷം ഇന്ന് അദ്ദേഹം ആശുപത്രി വിടും. എറണാകുളം കാലടിയില്‍ നിന്ന് 15 വര്‍ഷം മുമ്പാണ് കൃഷ്ണദാസ് സായി ഗ്രാമത്തിലെത്തുന്നത്. ഹിമാലയം താണ്ടിയിട്ടുള്ള അദ്ദേഹം മൂന്നോളം ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഏറ്റവും പുതിയ പുസ്തകത്തിന്റെ രചനയുടെ പൂര്‍ത്തീകരണ ഘട്ടത്തിലാണ് രണ്ടാഴ്ച മുമ്പ് കോവിഡ് ബാധിക്കുന്നത്. മടങ്ങിപ്പോയ ശേഷം പുസ്തകം പുറത്തിറക്കാനുള്ള ജോലിയില്‍ കൃഷ്ണദാസ് വ്യാപൃതനാകും. 

 

വാര്‍ധക്യത്തിന്റെ അരിഷ്ടതകള്‍ക്കിടയില്‍ പിടിപെട്ട മഹാമാരിയില്‍ നിന്നും മോചനമേകിയ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കും സ്വന്തം മക്കളെപ്പോലെ കരുതലും ശുശ്രൂഷയും നല്‍കിയ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നന്ദി പറയുകയാണ് ഇബനീസറും കൃഷ്ണദാസും.

Get Newsletter

Advertisement

PREVIOUS Choice