Latest Updates

തലനിറയെ മുടി ആഗ്രഹിക്കാത്തവരായി ആരും കാണില്ല. കാലാവസ്ഥാ മാറ്റം മുതല്‍ കഴിക്കുന്ന ഭക്ഷണം വരെ തലമുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കും. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചില നുറുങ്ങു വിദ്യകള്‍ ചെയ്യാം.   

തലമുടി തഴച്ചു വളരാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും കറ്റാര്‍വാഴ മികച്ചതാണ്. കറ്റാര്‍വാഴയുടെ കാമ്പ് മാത്രം വേര്‍പ്പെടുത്തി അത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ മുടിയുടെ മാറ്റം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.  

ഒരു പാത്രത്തില്‍ അരക്കപ്പ് വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ക്കുക. ഈ മിശ്രിതം കുറച്ചു സമയത്തേക്ക് തിളപ്പിച്ചതിനുശേഷം തീ കെടുത്തി തണുക്കാന്‍ വെക്കുക. തണുത്തതിനു ശേഷം ഇത് തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.  

മുടി പൊഴിച്ചില്‍ കുറയ്ക്കാനും മുടി തഴച്ചു വളരാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണ് സവാള ജ്യൂസ്. ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. അരിപ്പയിലിട്ട് ഇത് നന്നായി അരിച്ചെടുക്കുക. ഇത് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം. ഉള്ളിയുടെ മണം ഒഴിവാക്കാന്‍ വീര്യം കുറഞ്ഞ ഷാംപു കഴുകുമ്പോള്‍ ഉപയോഗിക്കാം.     

രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലിലേക്ക് ഒരു ടീസ്പൂണ്‍ ചെറുജീരകം ചേര്‍ക്കുക. ഇത് അഞ്ചുമണിക്കൂര്‍ വരെ അങ്ങനെ തന്നെ സൂക്ഷിക്കുക. അതിനുശേഷം ജീരകം എണ്ണയില്‍നിന്നെടുത്ത് പിഴിഞ്ഞ് ചേര്‍ക്കുക. ഇതിലേക്ക് സ്വല്‍പം തേന്‍ ചേര്‍ക്കാം. തുടര്‍ന്ന് ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. മൃദുവായി മസാജ് ചെയ്യാവുന്നതാണ്. അരമണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തണുത്തവെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ ഒരു ദിവസം ഇങ്ങനെ ചെയ്യാം.

Get Newsletter

Advertisement

PREVIOUS Choice