Latest Updates

  എസ്.ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ റിട്ട.എസ്.പി ജോര്‍ജ് ജോസഫ്. ഇത് സിനിമ സ്റ്റൈലാണെന്നും ഇവിടെ അതുവേണ്ടെന്നും സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ രീതിയല്ലെന്നും ജോര്‍ജ് ജോസഫ് സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. പൊതുജനങ്ങളുടെ മുമ്പില്‍ ആളാവാനുള്ള ശ്രമം നിയമവിരുദ്ധമായി മാത്രമേ കാണാന്‍ കഴിയൂ. പൊലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുന്നതിന് തുല്യമാണ് തൃശൂരില്‍ നടന്ന സംഭവം. സല്യൂട്ട് ചോദിച്ചു വാങ്ങിയത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പോലീസിലെ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് സല്യൂട്ട് നല്‍കേണ്ടത്. അല്ലാതെ ജനപ്രതിനിധികള്‍ക്ക് സല്യൂട്ട് കൊടുക്കുന്നത് പൊലീസിലെ അച്ചടക്കത്തിന്റെ ഭാഗമല്ലെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. സല്യൂട്ട് കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ചോദിച്ചു വാങ്ങരുത്. സല്യൂട്ട് ചോദിച്ചപ്പോള്‍ എസ്‌ഐ സല്യൂട്ട് കൊടുക്കാന്‍ പാടില്ലായിരുന്നു. വേണമെങ്കില്‍ എസ്‌ഐക്ക് പ്രതിഷേധം അറിയിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. സുരേഷ് ഗോപിയുടെ ഫേസ്മാസ്‌ക്കണിഞ്ഞ പ്രവര്‍ത്തകന് മറ്റ് പ്രവര്‍ത്തകര്‍ ചെരുപ്പ് കൊണ്ട് സല്യൂട്ടടിച്ചാണ് പ്രതിഷേധിച്ചത്. പാലക്കാട് അഞ്ച് വിളക്കില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.  

Get Newsletter

Advertisement

PREVIOUS Choice